ഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ജനപ്രിയ മോഡലുകളിലൊന്നായ A3 സെഡാന്റെ പുതിയ വകഭേദങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനും പുതുതായി രൂപകല്പന ചെയ്ത ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളുമാണ് പുത്തന്‍ A3-യുടെ പ്രധാന പ്രത്യേകതകള്‍. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിലാണ് 2017 A3 നിരത്തിലെത്തിയത്. പെട്രോള്‍ ബേസ് മോഡലിന് 30.50 ലക്ഷവും ഡീസല്‍ ബേസ് മോഡലിന് 32.30 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

143 എച്ച്പി കരുത്തേകുന്ന 2.0 ലിറ്ററിന്റെ ഫോര്‍ സിലിന്‍ഡര്‍ TDI ഡീസല്‍ എഞ്ചിനും 150 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ TFSI പെട്രോള്‍ എഞ്ചിനുമാണ് പുതിയ ഔഡി A3-യെ മുന്നോട്ടു നയിക്കുക. ഏഴ് സ്പീഡ് എസ്-ട്രോണിക്ക് ട്രാന്‍സ്മിഷനാണ് പെട്രോള്‍ പതിപ്പില്‍. 6 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഡീസല്‍ പതിപ്പിലും നല്‍കി. ഇന്റലിജന്റ് എഞ്ചിനും സിലിന്‍ഡര്‍ ഓണ്‍ ഡിമാന്‍ഡ് (സി.ഒ.ഡി.) കാര്യക്ഷമതാ സാങ്കേതികവിദ്യ എന്നിവ പെട്രോള്‍ പതിപ്പിലുണ്ട്. 

ഇന്ത്യയില്‍ ഈ വര്‍ഷം ഔഡി പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണ് പുതിയ A 3. 2017-ല്‍ അകെ 10 പുതിയ കാറുകള്‍ ഇവിടെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 4458 എംഎം നീളവും 1796 എംഎം വീതിയും 1416 എംഎം ഉയരവും 2637 എംഎം വീല്‍ബേസുമാണ് പുതിയ A3-ക്കുള്ളത്. പെട്രോള്‍ പതിപ്പില്‍ 19.2 കിലോമീറ്ററും ഡീസലില്‍ 20.38 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.