ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ-ട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോള്‍ സ്‌പോര്‍ട്‌സ് ബാക്ക് 55 എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ആഡംബര ഇലക്ട്രിക് എസ്.യു.വിക്ക് 99.99 ലക്ഷം രൂപ മുതല്‍ 1.18 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ വാഹന വിപണിയിലെ ആദ്യ ആഡംബര ഇലക്ട്രിക് കാര്‍ ആകുക എന്നതായിരുന്നു ഔഡിയുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. എന്നാല്‍, കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് വരവ് നീണ്ടുപോകുകയായിരുന്നെന്നാണ് വിവരം. ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹനങ്ങളായ മെഴ്‌സിഡീസ് ബെന്‍സ് EQC, ജാഗ്വാര്‍ ഐ-പേസ് എന്നീ മോഡലുകളുമായാണ് ഇ-ട്രോണ്‍ മത്സരത്തിനെത്തുന്നത്. 

ഔഡി റെഗുലര്‍ വാഹനങ്ങളുടെ തലയെടുപ്പ് ആവാഹിച്ചുള്ള ഡിസൈനാണ് ഇലക്ട്രിക് പതിപ്പിലും നല്‍കുന്നത്. വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രോമിയം വിന്‍ഡോ ബോര്‍ഡര്‍ എന്നിവ നല്‍കിയാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. 

Audi E-Tron
ഔഡി ഇ-ട്രോണ്‍ | Photo: Audi India

അകത്തളവും ഫീച്ചറുകളാല്‍ സമ്പന്നമാണ്. 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, ആംബിയന്റ് ലൈറ്റിങ്ങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തിലെ ഫീച്ചറുകള്‍. 

അടിസ്ഥാന മോഡലായ ഇ-ട്രോണ്‍ 50-യില്‍ 71kWh ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 309 ബി.എച്ച്.പി. പവറും 540 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 379 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 6.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 

അതേസമയം, 355 ബി.എച്ച്.പി. പവറും 561 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇ-ട്രോണ്‍ 55-ല്‍ നല്‍കിയിട്ടുള്ളത്. ബൂറ്റ് മോഡില്‍ പവര്‍ 402 ബി.എച്ച്.പിയായി ഉയര്‍ത്താന്‍ കഴിയും. ഒരുതവണ ബാറ്ററി നിറഞ്ഞാല്‍ 484 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്. 200 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 5.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. 

Content Highlights: Audi Launches Its First Electric Vehicle E-Tron In India