ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ലക്ഷ്വറി സെഡാന്‍ മോഡലായ A4-ന്റെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്താനൊരുങ്ങുന്നു. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് നിര്‍മാതാക്കള്‍ ആരംഭിച്ചു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പുതിയ A4-ന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗാബാദിലെ പ്ലാന്റിലാണ് പുതിയ A4 നിര്‍മിക്കുന്നത്. ഔഡിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനക്കാരനാണ് A4 സെഡാന്‍. 2019-ലാണ് A4 ഏറ്റവുമൊടുവില്‍ മുഖം മിനുക്കിയത്. എന്നാല്‍, പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡം എത്തിയതോടെ 2020 ഏപ്രിലില്‍ ഈ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുകയായിരുന്നു.
മടങ്ങിയെത്തുന്ന A4-ല്‍ ബി.എസ്-6 എന്‍ജിന് പുറമെ, നിരവധി ഡിസൈന്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. വീതിയുള്ള സിംഗിള്‍ ഫ്രെയിം ഗ്രില്ല്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ഡിസൈന്‍ മാറ്റം വരുത്തിയ ബംമ്പറുകള്‍, പുതുമയുള്ള ടെയ്ല്‍ലൈറ്റ് എന്നിവയാണ് പുതിയ A4 വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍.
മുന്‍ മോഡലിനോട് സാമ്യമുള്ള അകത്തളമാണ് മുഖം മിനുക്കിയെത്തുന്ന മോഡലിലുമുള്ളത്. 10.1 ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ലൈറ്റിങ്ങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറില്‍ നല്‍കുക.
സ്റ്റൈലിലെ മാറ്റം പോലെ പുതിയ A4 കൂടുതല്‍ കരുത്തനാകുന്നുണ്ട്. 190 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുക. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരുന്നു മുന്‍ മോഡലിന്റെ കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. 7.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Content Highlights; Audi India opens bookings for the New Audi A4