ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ പ്രീമിയം സെഡാന്‍ വാഹാനമായ എസ്5 സ്‌പോര്‍ട്ട്ബാക്കിന്റെ മുഖം മിനുക്കിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ ആഡംബര വാഹനത്തിന് 79.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. 2021-ല്‍ ഔഡി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് എസ്5 സ്‌പോര്‍ട്ട്ബാക്ക്.

ഇന്ത്യയില്‍ ഔഡിയുടെ പെര്‍ഫോമെന്‍സ് വാഹനനിര വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എസ്5 സ്‌പോര്‍ട്ട്ബാക്കിനൈ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിസൈന്‍ മികവിലും ഡ്രൈവിങ്ങ് അനുഭവത്തിലും വേറിട്ട് നില്‍ക്കുന്ന വാഹനമാണ് എസ്5 സ്‌പോര്‍ട്ട്ബാക്ക് ഔഡിയെന്ന് ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. BMW M340i എക്‌സ്‌ഡ്രൈവ്, മെഴ്‌സിഡസ് AMG C43 എന്നിവയാണ് ഈ വാഹനത്തിന്റെ എതിരാളികള്‍.

ലുക്കിലും കാര്യമായ മാറ്റം വരുത്തിയാണ് എസ്5 സ്‌പോര്‍ട്ട്ബാക്കിന്റെ പുതിയ അവതാരം എത്തിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, റിയര്‍ ബമ്പറിലെ ക്രോമിയം സ്ട്രിപ്പ്, നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമ.

Audi S5 Sportback

സ്‌പോര്‍ട്ടി ഭാവത്തിനൊപ്പം കൂടുതല്‍ കംഫര്‍ട്ടബിളായ ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. ഫ്‌ളാറ്റ്-ബോട്ടം സ്റ്റിയറിങ്ങ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ ഡാഷ്‌ബോര്‍ഡ്, ഔഡി വെര്‍ച്വല്‍ കോക്പിറ്റ്, നാവിഗേഷന്‍ സംവിധാനമുള്ള 25.65 സെന്റിമീറ്റര്‍ വലിപ്പമുള്ള എച്ച്.ഡി. ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയാണ് അകത്തളത്തിന് ആഡംബരമൊരുക്കുന്നത്. 

3.0 ലിറ്റര്‍ വി6 ടി.എഫ്.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് പുതിയ എസ്5 സ്‌പോര്‍ട്ട്ബാക്കിന്റെ ഹൃദയം. ഇത് 349 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ക്വാട്രോ ഓള്‍-വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 4.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 250 കിലോമീറ്ററാണ്.

Content Highlights; Audi India drives in the striking new Audi S5 Sportback