വൈദ്യുത വാഹനങ്ങളുടെ മത്സരം ശക്തമാകുമ്പോള്‍ അതിലേക്ക് തങ്ങളുടെ പോരാളിയുമായി 'ഔഡി' വരികയാണ്. ഇന്ത്യയിലെ ആദ്യ ആഡംബര വൈദ്യുത വാഹനമാകുക എന്നതായിരുന്നു ഈ ജര്‍മന്‍ കമ്പനിയുടെ ലക്ഷ്യം. എന്നാല്‍, കോവിഡ് മഹാമാരിയുടെ വ്യാപനം അതിനെ പിന്നോട്ടു വലിച്ചു. എങ്കിലും ഇപ്പോഴെങ്കിലും പുതിയ നിര വൈദ്യുത വാഹനങ്ങളുമായാണ് ഔഡി ഇന്ത്യയിലേക്ക് വരുന്നത്.

മൂന്ന് വേരിയന്റുകളിലായാണ് 'ഇ-ട്രോണ്‍' എന്ന വൈദ്യുത ആഡംബര എസ്.യു.വി.കള്‍ ഔഡി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്സ് ബാക്ക് 55 എന്നീ മൂന്ന് വേരിയന്റുകള്‍ക്ക് 99.99 ലക്ഷം രൂപ മുതല്‍ 1.18 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറും വില വരിക.

ആകര്‍ഷണം

ഔഡിയുടെ മറ്റു മോഡലുകളില്‍ നിന്ന് കാഴ്ചയില്‍ അധികം വ്യത്യാസമൊന്നും ഇ-ട്രോണിനുമില്ല. വലിയ ഗ്രില്ലില്‍ തിളങ്ങിനില്‍ക്കുന്ന വളയങ്ങള്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഇരട്ട നിറത്തിലുള്ള ബമ്പര്‍, ജനല്‍ പാളികള്‍ക്ക് വെള്ളി നിറത്തിലുള്ള വരകള്‍. എന്നിവ പുറംഭാഗത്തെ ശ്രദ്ധേയ മാറ്റങ്ങളാണ്.

ഔഡിയുടെ അകത്തളത്തിന്റെ പ്രത്യേകതകളില്‍ എല്ലാ നവീന സാങ്കേതികതകളും ഒത്തുചേരുന്നുണ്ട്. വലിയ 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളും. 

Audi E-Tron

അടിസ്ഥാന മോഡലായ ഇ-ട്രോണ്‍ 50-ല്‍ 71 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 309 ബി.എച്ച്.പി. പവറും 540 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 379 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം. മണിക്കൂറില്‍ 190 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ വാഹനം 6.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 

355 ബി.എച്ച്.പി. പവറും 561 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇ-ട്രോണ്‍ 55-ല്‍ ഉള്ളത്. ബൂസ്റ്റ് മോഡില്‍ പവര്‍ 402 ബി.എച്ച്.പി.യായി ഉയര്‍ത്താന്‍ കഴിയും. ഒരു തവണ ഫുള്‍ ചാര്‍ജായാല്‍ 484 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമത്രെ. 200 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ വാഹനം 5.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും. ഇന്ത്യയില്‍ മെഴ്സിഡസ് ബെന്‍സ് ഇ.ക്യു.സി, ജാഗ്വാര്‍ ഐ പേസ് എന്നീ മോഡലുകളുമായാണ് ഇ-ട്രോണ്‍ മത്സരിക്കുക.

Content Highlights: Audi E-Tron Electric Vehicles, Audi Cars, Electric Vehicles