കാത്തിരിപ്പിനൊടുവില്‍ ഇ-ട്രോണ്‍ ഇലക്ട്രിക് എസ്.യു.വി ഔഡി അവതരിപ്പിച്ചു. സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ പിറവിയെടുത്തത്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ വിപണിയിലെത്തുന്ന ഇ-ട്രോണിന്റെ വിതരണം ഈ വര്‍ഷം അവസാനത്തോടെ നടക്കും. 

79,000 യൂറോയാണ് (66.92 ലക്ഷം രൂപ) ഇ-ട്രോണിന്റെ വില. ഇന്ത്യയും ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ 2019 അവസാനത്തോടെ ഇ-ട്രോണ്‍ ഇങ്ങോട്ടുമെത്തും. 

ഔഡിയുടെ പരമ്പരാഗത കരുത്തന്‍ രൂപം ഇ-ട്രോണും അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും. 95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇ-ട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ 408 ബിഎച്ച്പി പവറും ലഭിക്കും. 

Audi e-tron

5 സീറ്റര്‍ ഇ-ട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും ഇ-ട്രോണിന് സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. 660 ലിറ്റര്‍ ലഗേജ് സ്‌പേസ് പിന്നിലുണ്ട്. ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്‌ക്രീനില്‍ ദൃശ്യമാക്കും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകു. ഇന്ത്യയിലെത്തുമ്പോള്‍ പരമ്പരാഗത കണ്ണാടി തന്നെ തുടരും. 

Audi e-tron

Content Highlights; Audi E-Tron Electric SUV Unveiled; To Come To India In 2019