ഡംബര ശ്രേണിയില്‍ ഇന്ത്യന്‍ നിരത്തില്‍ മുന്‍നിരയിലുള്ള ഔഡി പുതിയ കുതിപ്പിന് ലക്ഷ്യമിട്ട് ഔഡി Q 4 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ മുഖം മിനുക്കിയെത്തിയ റേഞ്ച് റോവര്‍ ഇവോക്കിന് ശക്തനായ എതിരാളിയാണ് ഔഡിയുടെ Q 4. 2019 തുടക്കത്തില്‍ Q 4 ഔദ്യോഗികമായി ഇവിടെ പുറത്തിറക്കുമെന്ന്‌ വാര്‍ഷിക പ്രസ്സ് കോണ്‍ഫറന്‍സിലാണ് ഔഡി അറിയിച്ചത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ Q3-ക്കും Q5-നും ഇടയിലാണ്‌ പുതിയ മോഡലിന്റെ സ്ഥാനം. 

2014 ബീജിങ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഔഡി TT ഓഫ്‌റോഡറിനോട് സാമ്യമുള്ള രൂപത്തിലാണ് Q4 എത്തുക. രണ്ടാം തലമുറ Q3 നിര്‍മിച്ച അതേ MQB പ്ലാറ്റ്‌ഫോമിലാണ് ഇവന്റെയും നിര്‍മാണം. ഇവോക്കിന് പുറമേ പുറത്തിറങ്ങാനിരിക്കുന്ന ബിഎംഡബ്യു X2-വും ഔഡി Q 4-ന് മികച്ച എതിരാളിയാകും. പെട്രോള്‍-ഡീസല്‍ പതിപ്പിനൊപ്പം Q 4-ന്റെ ഇലക്ട്രിക് വകഭേദവും ഔഡി പുറത്തിറക്കും. വാഹനത്തിന്റെ മറ്റു ഫീച്ചേര്‍സ്, എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.