ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ എസ്.യു.വി. വാഹനമായ DBX ഇന്ത്യയിലും അവതരിപ്പിച്ചു. 3.82 കോടി രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ എസ്.യു.വിയുടെ 11 യൂണിറ്റാണ് ഇന്ത്യയിലേക്ക് അനുവദിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസ്, ബെന്റ്‌ലി ബെന്റാഗെയ, റോള്‍സ് റോയിസ് കള്ളിനന്‍ എന്നീ ആഡംബര വാഹനങ്ങളെ ആയിരിക്കും DBX-ന് ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന പ്രധാന എതിരാളികള്‍.
ഫുള്‍-സൈസ് എസ്.യു.വിയായാണ് ആസ്റ്റന്‍ മാര്‍ട്ടിന്‍ DBX-നെ ഒരുക്കിയിരിക്കുന്നത്. 5039 എം.എം. നീളവും 1998 എം.എം. വീതിയും 1680 എം.എം. ഉയരവും 3060 എം.എം. വീല്‍ബേസും, 190 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഈ വാഹനത്തിനുള്ളത്. കരുത്തുറ്റ പെര്‍ഫോമെന്‍സിനൊപ്പം മികച്ച ഡിസൈന്‍ ശൈലിയിലുമാണ് ആസ്റ്റന്‍ മാര്‍ട്ടിന്‍ തങ്ങളുടെ ആദ്യ എസ്.യു.വി. മോഡലായ DBX-നെ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്.
മുഖം പൂര്‍ണമായും കവര്‍ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്‌സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഫോഗ് ലാമ്പിന് ചുറ്റും നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്.
ആഡംബരത്തിന്റെ പര്യായമാണ് ഈ എസ്.യു.വിയുടെ അകത്തളം. 12.3 ഇഞ്ച് വലിപ്പമുള്ള ടി.എഫ്.ടി. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിങ്ങ്, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 800 വാട്ട് 14 സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്.
മെഴ്‌സിഡസ് ബെന്‍സ് എ.എം.ജിയില്‍ നല്‍കിയിട്ടുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് DBX-ന്റെയും ഹൃദയം. ഇത് 542 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 291 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം വെറും 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗവും കൈവരിക്കും.
Content Highlights: Aston Matrin First SUV DBX Launched In India