ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനും ഇലക്ട്രിക് വാഹനം നിര്‍മിക്കാനൊരുങ്ങുന്നു. 2025-ഓടെ ഇലക്ട്രിക് വാഹനം നിരത്തുകളില്‍ എത്തിക്കുമെന്നാണ് ബോണ്ട് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകളും എസ്.യു.വികളും ഇലക്ട്രിക് കരുത്തില്‍ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതി ഒരുക്കുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ലോറന്‍സ് സ്‌ട്രോളാണ് ഇക്കാര്യം അറിയിച്ചത്.

യു.കെയിലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പ്ലാന്റിലായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെഴ്‌സിഡീസ് ബെന്‍സിന്റെ 20 ശതമാനം ഓഹരി പങ്കാളിത്തത്തോടെയായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഒരുങ്ങുക. എന്നാല്‍, സാങ്കേതികവിദ്യ മെഴ്‌സിഡീസുമായി പങ്കുവയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് മെഴ്‌സിഡീസിന്റെ EQC, EQA ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തി തുടങ്ങിയത്.

2020 ജനുവരിയിലാണ് ലോറന്‍സ് സ്‌ട്രോള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ മേധാവിയായി എത്തുന്നത്. അദ്ദേഹം നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് ഡി.ബി.എക്‌സ് എന്ന ഹൈബ്രിഡ് എസ്.യു.വി. വിപണിയില്‍ എത്തിയത്. ഈ വാഹനത്തിന് പുറമെ, 2023-ഓടെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി പദ്ധതി ഒരുക്കുന്നുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ ആയിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നും കമ്പനി അറിയിച്ചു.

ജെയിംസ് ബോണ്ട് കാറിന്റെ ഡിസൈനില്‍ ഒരുങ്ങുന്ന ഇലക്ട്രിക് വാഹനം റാപ്പിഡ്-ഇ ഇതിനോടകം തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ വാഹനം ഉടന്‍ നിരത്തുകളില്‍ എത്താനിടയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ എതിരാളികളെക്കാള്‍ പിന്നിലാണ്. പ്രീമിയം സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയിലാണ് ഈ വാഹന നിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുള്‍.

Source: NDTV Car and Bike

Content Highlights: Aston Martin First Electric Model To Launch By 2025