ഡ്രൈവര്‍-ലെസ് കാര്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന വാഹനങ്ങളുടെ നിര്‍മാണത്തിനായി ഹ്യുണ്ടായിയും ആപ്പിളും സഹകരിക്കുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പുതിയ സൂചനകള്‍ അനുസരിച്ച് ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ മോട്ടോഴ്‌സില്‍ ആപ്പിള്‍ 3.6 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്. 

ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ച് കിയയുടെ അമേരിക്കയിലെ ജോര്‍ജിയിലുള്ള വാഹന നിര്‍മാണ പ്ലാന്റില്‍ ആപ്പിളിനും പ്രവര്‍ത്തനാനുമതി ലഭിക്കും. പ്രതിവര്‍ഷം നാല് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ ഇരുകമ്പനികളുടെയും സഹകരണത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 2024-ല്‍ ആയിരിക്കും നിര്‍മാണം ആരംഭിക്കുക.

ഹ്യുണ്ടായിയുമായി സഹകരിച്ച് വാഹനം നിര്‍മിക്കാൻ ഒരുങ്ങുന്നതായി ആപ്പിളിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കിയയുമായുള്ള സഹകരണ വാര്‍ത്ത പുറത്തുവരുന്നത്. ഹ്യുണ്ടായി ഇലക്ട്രിക് കാറുകള്‍ക്കായി വികസിപ്പിച്ച ഇ-ജി.എം.പി.പ്ലാറ്റ്‌ഫോമിലാണ് ആപ്പിളുമായുള്ള സഹകരണത്തില്‍ വാഹനം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങള്‍ക്കുള്ള സെല്‍ഫ് -ഡ്രൈവിങ്ങ് സിസ്റ്റം, സോഫ്റ്റ്‌വെയര്‍, സെമി കണ്ടക്ടേഴ്‌സ്, ബാറ്ററി ടെക്‌നോളജി എന്നിവ ആപ്പിള്‍ നിര്‍മിക്കും. ആപ്പിള്‍ ഫോണ്‍ നിര്‍മിക്കുന്നതിനായി കമ്പനി ഫോക്‌സ്‌കോണ്‍ പോലുള്ള കമ്പനികളുമായി ഉണ്ടാക്കിയിട്ടുള്ള കൂട്ടുകെട്ടിന് സമാനമാണിത്. ആപ്പിള്‍ ഫോണിന്റെ മോഡത്തിനും മറ്റുമായി ക്വാല്‍കോം, സാംസങ്ങ് തുടങ്ങിയ കമ്പനികളുമായി സഹകരണമുണ്ട്. 

രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഫൈവ് ലിങ്ക് സസ്‌പെന്‍ഷന്‍, ബാറ്ററി സെല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമാണ് ഹ്യുണ്ടായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇതിനൊപ്പം ആപ്പിളിന്റെ ബാറ്ററി ടെക്‌നോളജിയും മറ്റ് സാങ്കേതിക സംവിധാനങ്ങളും നല്‍കുന്നതോടെ ഉയര്‍ന്ന റേഞ്ചിലുള്ള വാഹനങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചേക്കും.

Content Highlights: Apple Inc Invest 3.6 Billion Dollar In Kia Motors