തമിഴ്നാട്ടിലെ അപകടത്തിന്റെ ദൃശ്യം, ആനന്ദ് മഹീന്ദ്ര | Photo: MotoWagon, Social Media
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടിന്റെ ബസിലേക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്.യു.വിയായ XUV700 ഇടിച്ച് കയറുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്ര വലിയ അപകടമായിരുന്നിട്ട് പോലും എസ്.യു.വിയിലെ യാത്രക്കാര്‍ക്ക് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ വാഹനത്തിന്റെ സുരക്ഷയെ വാനോളം പുകഴ്ത്തിയാണ് അപകട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കമന്റുകള്‍ക്ക് പ്രതികരണവുമായി മഹീന്ദ്രയുടെ ചെയര്മാന് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരിക്കുകയാണ്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത ഞങ്ങളുടെ ലക്ഷ്യം ഉറപ്പിക്കുന്നതാണ്. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള ഡിസൈന്‍ ഒരുക്കിയ ഞങ്ങളുടെ ടീമിനോട് നന്ദി പറയുകയും ഈ വാര്‍ത്ത അവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ഒരു ഹൈവേയിലെ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. റോഡ് ക്രോസ് ചെയ്ത് വരികയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസിലേക്ക് അതിവേഗത്തിലെത്തിയ XUV700 ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ എസ്.യു.വിയുടെ ബോണറ്റ് ഉള്‍പ്പെടെയുള്ള മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും ക്യാബിനിലേക്ക് ഇടിയുടെ ആഘാതം എത്തിയിരുന്നില്ല. ഈ വാഹനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും പൂര്‍ണ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയ മോഡലാണ് XUV700. 2014-ന് ശേഷം ക്രാഷ്ടെസ്റ്റിനെത്തുന്ന ഇന്ത്യന്‍ വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വാഹനം എന്ന റെക്കോഡോടെയാണ് XUV700 ഈ ഇടിപരീക്ഷയെ അതിജീവിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.03 മാര്‍ക്കും നേടിയാണ് ഈ എസ്.യു.വി. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്.
നാല് വേരിയന്റുകളിലായി, ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് XUV700 എത്തുന്നുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്ജിന് 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിന് 12.49 ലക്ഷം മുതല്‍ 21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതല്‍ 22.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
Content Highlights: Anand Mahindra tweet about tamilnadu XUV700 accident, Mahindra XUV700, Anand Mahindra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..