ഹീന്ദ്രയുടെ രണ്ടാം തലമുറ ഥാര്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാണ്. ഒക്ടോബര്‍ രണ്ടിന് നിരത്തുകളിലെത്തുന്നതോടെ ഇത് ബംമ്പര്‍ ഹിറ്റാകുമെന്നാണ് വാഹനപ്രേമികളുടെ പ്രതീക്ഷ. രണ്ടാം തലമുറ ഥാര്‍ എത്തിയതിന് പിന്നാലെ ഥാര്‍ എന്ന ആശയത്തിന് വാഹനത്തിന്റെ രൂപം നല്‍കിയ വ്യക്തിയെ അനുസ്മരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

ബെഹ്‌റാം ധബാര്‍ എന്നയാളാണ് മഹീന്ദ്രയുടെ ഥാര്‍ എന്ന വാഹനം ഡിസൈന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഥാര്‍ എന്ന എസ്‌യുവി ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തുന്നതിന് മുമ്പുണ്ടായിരുന്ന മൂന്ന് പ്രോട്ടോടൈപ്പുകളും ബെഹ്‌റാം ധബാറാണ് വികസിപ്പിച്ചത്. ധബാറിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ചിത്രങ്ങള്‍ 2018-ല്‍ അദ്ദേഹത്തിന്റെ മകന്‍ സൈറസ് ധബാര്‍ ട്വീറ്റ് ചെയ്തിരുന്നു.

സൈറസിന്റെ 2018-ലെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര ധബാറിനെ അനുസ്മരിച്ചിരിക്കുന്നത്. ഈ ട്വീറ്റ് ഞാന്‍ സേവ് ചെയ്തിരുന്നു. പുതിയ ഥാര്‍ ഉടന്‍ പുറത്തിറങ്ങും, ഇപ്പോള്‍ ഞാന്‍ ബെഹ്‌റാമിനെ അനുസമരിക്കുന്നു. മഹീന്ദ്രയിലെ ഏറ്റവും വലിയ വാഹനപ്രേമിയായിരുന്നു അദ്ദേഹം. ബെഹ്‌റാമാണ് ഥാര്‍ എന്ന വാഹനത്തിന് ഇന്ന് കാണുന്ന രൂപം നല്‍കിയതെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

മിസ്റ്റര്‍ ഥാര്‍, ഥാറിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന  ബെഹ്‌റാം ധബാര്‍ 2016 ഓഗസ്റ്റിലാണ് മരണമടഞ്ഞത്. ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, പ്രീമിയര്‍, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഥാറിന് പുറമെ, ഇരുകമ്പനികളിലുമായി നിരവധി സ്റ്റൈലിഷായിട്ടുള്ള വാഹനങ്ങളുടെ പിന്നില്‍ അദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പിതാവിന്റെ പഴയ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്ന് ലഭിച്ച ഈ ചിത്രങ്ങള്‍ ഥാര്‍ എന്ന വാഹനത്തിന്റെ പിന്നിലെ ടീമിനെ ഓര്‍മിപ്പിക്കുന്നു. ചിത്രത്തിലുള്ളത് ഥാറിന്റെ ആദ്യ മൂന്ന് പ്രോട്ടോടൈപ്പ് മോഡലുകളില്‍ ആദ്യത്തേതാണെന്നുമുള്ള കുറിപ്പോടെ 2018-ലാണ് സൈറസ് ഥാറിന്റെയും ഇതിന്റെ പിന്നിലെ ടീമിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

Content Highlights: Anand Mahindra Remember Behram Dhabhar, The Father Of Mahindra Thar