പാഴ്‌വസ്തുകള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ കഴിഞ്ഞ ദിവസമാണ് ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശംസിച്ചത്. ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും, എന്നാലും ക്രീയേറ്റിവിറ്റിയെ ഒരിക്കലും അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ലെന്നുമുള്ള കുറിപ്പോടെയായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയന്‍മാനായ ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

എന്നാല്‍, ഈ വാഹനം നിര്‍മിച്ച പ്രതിഭയ്ക്ക് മുന്നിലേക്ക് ആനന്ദ് മഹീന്ദ്ര മറ്റൊരു ഓഫര്‍ കൂടി വെച്ചിരിക്കുകയാണ്. അദ്ദേഹം നിര്‍മിച്ച വാഹനം ആനന്ദ് മഹീന്ദ്രയ്ക്ക് നല്‍കിയാല്‍ പകരം അദ്ദേഹത്തിന്റെ ഒരു ബൊലേറൊ നല്‍കാമെന്നാണ് ഓഫര്‍. മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്നയാളാണ് തന്റെ മകനായി ഈ വാഹനം നിര്‍മിച്ചിട്ടുള്ളത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നാണ് ഈ വാഹനത്തെ കുറിച്ചുള്ള വിവരം ആനന്ദ് മഹീന്ദ്ര അറിയുന്നത്. 

വാഹന നിര്‍മാണത്തിലെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഈ വാഹനം നിരത്തുകളില്‍ ഇറക്കുന്നത് ഇപ്പോള്‍ അല്ലെങ്കില്‍ ഭാവിയിലെങ്കിലും അധികാരികള്‍ അദ്ദേഹത്തെ തടയും. അതുകൊണ്ട് തന്നെ ഈ വാഹനത്തിന് പകരമായി ഞാന്‍ അദ്ദേഹത്തിന് ഞാന്‍ ഒരു ബൊലേറൊ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഈ നിര്‍മിതി മഹീന്ദ്രയുടെ റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് മഹീന്ദ്രയുടെ മേധാവി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 

വാഹനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ആദ്യം പങ്കുവെച്ചത്. വിദേശ വാഹനങ്ങള്‍ക്ക് സമാനമായി ഇടതുവശത്താണ് ഈ വാഹനത്തിന്റെ സ്റ്റിയറിങ്ങ് നല്‍കിയിട്ടുള്ളത്. സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. വെറും 60,000 രൂപ ചെലവിലാണ് തകിടുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചുള്ള ഈ വാഹനം നിര്‍മിച്ചിട്ടുള്ളതെന്നാണ് വിവരം.

ഈ വാഹനങ്ങള്‍ കൃത്യമായി നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല, പക്ഷെ, നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകളും മറ്റും അഭിനന്ദിക്കുന്ന ഞാന്‍ ഒരിക്കലും അവസാനിപ്പിക്കാന്‍ ഒരുക്കമല്ല, ഈ വാഹനം നിര്‍മിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം കുറിച്ച വാക്കുകള്‍. ഈ പോസ്റ്റ് വൈറലാകുകയും നിരവധി ആളുകള്‍ കമന്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 

മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ഈ വാഹനം നിര്‍മിച്ച ദത്താത്രയ ലോഹര്‍. കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കാറിന്റെ പാര്‍ട്സുകള്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചിരിക്കുന്നത്. ചെറിയ ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മുന്‍നിരയില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളിലാണ് നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ കുഞ്ഞന്‍ വാഹനത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Anand mahindra Offer Bolero SUV for the man who makes four wheeler using scrape