ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കാത്ത വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. വാഹനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെ അദ്ദേഹം പ്രത്യേകമായി പരിഗണിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു നിര്‍മിതിയാണ്  ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ തരംഗമായിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ വ്യക്തി പാഴ്‌വസ്തുകളില്‍ നിന്ന് നിര്‍മിച്ച ഫോര്‍ വീലര്‍ വാഹനത്തിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 

മഹാരാഷ്ട്രയില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്നയാളാണ് തന്റെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനായി പാഴ്‌വസ്തുകള്‍ ഉപയോഗിച്ച് കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചിരിക്കുന്നത്. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന്റെ വിശേഷങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉള്‍പ്പെടെയാണ് ഈ വാഹനത്തെയും അത് ഉണ്ടാക്കിയ വ്യക്തിയെയും അഭിനന്ദിച്ച് കൊണ്ടുള്ള വാക്കുകള്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 

ആനന്ദ് മഹീന്ദ്ര പുറത്തുവിട്ട വീഡിയോയിലാണ് ഈ വാഹനത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചിരിക്കുന്നത്. വിദേശ വാഹനങ്ങള്‍ക്ക് സമാനമായി ഇടതുവശത്താണ് ഈ വാഹനത്തിന്റെ സ്റ്റിയറിങ്ങ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. വെറും 60,000 രൂപ ചെലവിലാണ് തകിടുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചുള്ള ഈ വാഹനം നിര്‍മിച്ചിട്ടുള്ളതെന്നാണ് വിവരം.

ഈ വാഹനങ്ങള്‍ കൃത്യമായി നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല, പക്ഷെ, നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകളും മറ്റും അഭിനന്ദിക്കുന്ന ഞാന്‍ ഒരിക്കലും അവസാനിപ്പിക്കാന്‍ ഒരുക്കമല്ല, ഈ വാഹനം നിര്‍മിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ടെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററില്‍ പറയുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റ് പങ്കുവയ്ക്കുകയും ലൈക്ക് ചെയ്യുകയും ചെയ്്തിട്ടുള്ളത്. 

മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ഈ വാഹനം നിര്‍മിച്ച ദത്താത്രയ ലോഹര്‍. കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കാറിന്റെ പാര്‍ട്‌സുകള്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചിരിക്കുന്നത്. ചെറിയ ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മുന്‍നിരയില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളിലാണ് നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ കുഞ്ഞന്‍ വാഹനത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. 

Content Highlights: Anand Mahindra appreciate hand made jeep developed by Maharashtra native man