ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വാഹനമാണ് ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോണ്‍. ക്രാഷ് ടെസ്റ്റില്‍ മാത്രമല്ല, പിന്നീട് അങ്ങോട്ട് പല സംഭവങ്ങളിലൂടെയും ഈ വാഹനത്തിന്റെ സുരക്ഷ അരക്കെട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. നെക്‌സോണിന്റെ സുരക്ഷ ഉറപ്പാക്കുന്ന പുതിയ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

രവിരാജ് സിങ്ങ് എന്നയാളാണ് അദ്ദേഹത്തിന്റെ അനുഭവം ടാറ്റ നെക്‌സോണ്‍ ഓണേഴ്‌സ് ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവെച്ചത്. ടാറ്റ നെക്‌സോണില്‍ തന്റെ കുടുംബത്തിനൊപ്പം ഒരു ഒറ്റവരി പാതയിലൂടെയുള്ള യാത്രയില്‍ തനിക്ക് ഉണ്ടായ അപകടവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്തിന്റെയും അനുഭവമാണ് അദ്ദേഹം ഈ ഗ്രൂപ്പില്‍ കുറിച്ചത്. 

വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോള്‍ തന്റെ വാഹനത്തെ ഒരു ബൈക്ക് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും എതിരേ മറ്റൊരു ബൈക്ക് വരുന്നത് കണ്ട് വെട്ടിച്ച് തന്റെ വാഹനത്തില്‍ ഇടിച്ചതുമാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നെക്‌സോണ്‍ റോഡരികിലെ പാടത്തിലേക്ക് മറിയുകയുമായുരുന്നെന്നാണ് അദ്ദേഹം പറയുന്നത്. 

എന്നാല്‍, വാഹനം മറിഞ്ഞിട്ടും തന്റെ വാഹനത്തിലുണ്ടായിരുന്ന താന്‍ ഉള്‍പ്പെടെയുള്ള നാല് യാത്രക്കാര്‍ കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടതും അദ്ദേഹം പറയുന്നു. പുതുതലമുറ നെക്‌സോണിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് രവിരാജിന്റെ കൈവശമുള്ള വാഹനം. വാഹനത്തിനും വളരെ നിസാരമായ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

2018-ലാണ് ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്.യു.വി. മോഡലായ നെക്‌സോണ്‍ ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്നത്. ഇതിനുപിന്നാലെ ഇന്ത്യയില്‍ നിര്‍മിക്കുന്ന മറ്റ് വാഹനങ്ങളും സുരക്ഷയില്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്. ടാറ്റയുടെ അല്‍ട്രോസും ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ വാഹനമാണ്.

Source: Cartoq

Content Highlights: An Experience Of A Tata Nexon Owner About Safety