വാഹനങ്ങളില്‍ സുരക്ഷയൊരുക്കുന്നതില്‍ യാതൊരുവിട്ടുവീഴ്ചയും വരുത്താത്ത കമ്പനിയാണ് വോള്‍വോ. എന്നാല്‍, സുരക്ഷയൊരുക്കുന്നതിനൊപ്പം അപകടം കുറയ്ക്കുന്നതിനുള്ള തന്ത്രപ്രധാനമായ നടപടി സ്വീകരിക്കുകയാണ് ഈ വാഹനനിര്‍മാതാക്കള്‍. ഇനി നിരത്തുകളിലെത്താനൊരുങ്ങുന്ന വാഹനങ്ങളുടെ പരമാവധി വേഗത 180 കിലോമീറ്ററായി പരിമിതപ്പെടുത്തുകയാണ്.

വാഹനങ്ങളുടെ അമിതവേഗതയെ തുടര്‍ന്ന് നിരത്തുകളിലുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വോള്‍വോയുടെ ഈ പുതിയ നീക്കം. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വാഹനനിര്‍മാതാക്കള്‍ക്കും കൃത്യമായ പങ്കുവഹിക്കാനുണ്ട്. ഈ ചിന്തയെ തുടര്‍ന്നാണ് വോള്‍വോ കാറുകളുടെ വേഗത കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

വാഹനത്തില്‍ സെറ്റുചെയ്തിരിക്കുന്ന പരമാവധി വേഗത 180 കിലോമീറ്ററാണെങ്കിലും ഉപയോക്താക്കള്‍ക്ക് കെയല്‍ കീ എന്ന സംവിധാനത്തിലൂടെ സ്പീഡ് ഉയര്‍ത്താന്‍ സാധിക്കും. ഇത് വോള്‍വോ തന്നെ ഓരോ വാഹനത്തിലും ഒരുക്കും. സ്പീഡ് കുറയ്ക്കുന്നതിലൂടെ ഒരു ഉപയോക്താവിന് സുരക്ഷിതമായ ഡ്രൈവിങ്ങ് ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വോള്‍വോ കാറുകളുടെ വേഗത കുറച്ചതിനെ വിമര്‍ശിച്ചും ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, നിശ്ചിത പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നത് സുരക്ഷ സംവിധാനങ്ങളില്‍ വീഴചയുണ്ടാക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. അതുകൊണ്ട് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും വോള്‍വോ അറിയിച്ചു. 

പുതുതലമുറ കാറുകളില്‍ ലിഡാര്‍ ടെക്‌നോളജി(ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ്ങ്) ഒരുക്കുന്നതിനായി ലൂമിനാല്‍ എന്ന കമ്പനിയുമായി വോള്‍വോ സഹകരിക്കുന്നുണ്ട്. ലിഡാര്‍ ടെക്‌നോളജിയിലൂടെ ഹൈവേകളില്‍ സെല്‍ഫ് ഡ്രൈവിങ്ങിനുള്ള ശേഷി വോള്‍വോ വാഹനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2022-ഓടെ ഇത്തരം വാഹനങ്ങള്‍ നിരത്തുകളിലെത്തും.

Content Highlights: All New Volvo Cars Will Have A Limited Top Speed Of 180Km/h,