ലിയൊരു കുടുംബത്തിന് സഞ്ചരിക്കാന്‍ ടൊയോട്ടയുടെ 'ഇന്നോവ' എന്ന പേര് മാത്രമുള്ളപ്പോഴായിരുന്നു ഇന്ത്യയില്‍ മാരുതി, 'എര്‍ട്ടിഗ' എന്ന പുതിയൊരു ജനുസിനെ അവതരിപ്പിച്ചത്.

2012-ല്‍ ഇന്ത്യയിലും ഇന്‍ഡോനേഷ്യയിലും ഒരുമിച്ചായിരുന്നു എര്‍ട്ടിഗയുടെ ജനനം. ഇന്നോവയുടെ അത്ര വിലയില്ലാതെ ഒരുസാധാരണ കുടുംബത്തിന് കൈയിലൊതുങ്ങുന്ന വിധത്തിലായിരുന്നു 'മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍' എന്ന വിഭാഗത്തിലേക്ക് എര്‍ട്ടിഗ കടന്നുവരുന്നത്. ഏഴംഗ കുടുംബത്തിന് തരക്കേടില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന എര്‍ട്ടിഗയുടെ വരവോടെ വിപണിയില്‍ മറ്റൊരു വിഭാഗം കൂടി തുറന്നു.

ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് എര്‍ട്ടിഗ വലതുകാല്‍ വച്ചു കയറി. ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്തു. മാരുതി സുസുക്കി അവരുടെ മറ്റ് വാഹനങ്ങളെപ്പോലെ വല്ലാത്തൊരു മാറ്റത്തിന് എര്‍ട്ടിഗയില്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ഈ വിപണിയിലും തരക്കേടില്ലാത്ത മത്സരം തുടങ്ങിയപ്പോള്‍ എര്‍ട്ടിഗയിലേക്കും കമ്പനി കൈവയ്ക്കുകയാണ്.

Ertiga

ഈ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോഷോയില്‍ പുതിയ എര്‍ട്ടിഗയെക്കുറിച്ച് ചെറിയൊരു അഭ്യൂഹമുണ്ടായിരുന്നെങ്കിലും കമ്പനി അതിന് മുതിര്‍ന്നില്ല. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ഇന്‍ഡോനീഷ്യന്‍ ഓട്ടോ ഷോയിലാണ് പുതിയ എര്‍ട്ടിഗയെ പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യയെക്കൂടി ലക്ഷ്യമിട്ടാണെന്ന് തെളിയിക്കുന്നതാണ് പുതിയ വാഹനം.

എര്‍ട്ടിഗയെന്ന പേരിലാണെങ്കിലും ഇപ്പോഴുള്ള എര്‍ട്ടിഗയില്‍ നിന്നേറെ വ്യത്യസ്തനാണ് പുതിയ ആള്‍. രൂപത്തിലും ഭാവത്തിലും മാറ്റമുണ്ട്. വലിപ്പം കൂടിയിട്ടുമുണ്ട്.

നിലവിലുള്ള മോഡലിനെക്കാളും 99 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും കൂടി. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററായി. വീല്‍ബേസില്‍ മാറ്റമില്ല. ഇതുവരെ എര്‍ട്ടിഗയുടെ പരാതി പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല എന്നതായിരുന്നു. കുട്ടികള്‍ക്ക് മാത്രമായി പിന്‍സീറ്റ് ഒതുക്കിയിരുന്നു. നീളവും വീതിയും കൂടിയ സ്ഥിതിക്ക് ഇനി മൂന്നാം നിരയും സൗകര്യമായി. മുന്‍ഭാഗത്തുനിന്ന് മാറ്റങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ക്രോം പൊതിഞ്ഞിട്ടുണ്ട് ഗ്രില്ലില്‍. ഹെഡ്ലാമ്പുകള്‍ പ്രൊജക്ടര്‍ ലെന്‍സുകള്‍ കയറി. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ സി ആകൃതിയിലാണ്. ബോണറ്റില്‍ പുതിയ വരകള്‍ വരച്ചിട്ടുണ്ട്. ടെയില്‍ ലാമ്പുകളും എല്‍.ഇ.ഡി.യായി. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പ്പം ഉയര്‍ത്തി. ലൈസന്‍സ് പ്ലേറ്റിനുമുണ്ട് ക്രോം അലങ്കാരം. വീതി കൂടിയ അലോയ് വീലുകള്‍ വണ്ടിക്ക് കുറച്ചുകൂടി പക്വത വരുത്തിയിട്ടുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍.

ertiga

ബീജ് നിറമാണ് ഉള്ളില്‍. സ്വിഫ്റ്റിലും പുതിയ ഡിസയറിലും കണ്ട ഡാഷ്ബോര്‍ഡ് എര്‍ട്ടിഗയിലേക്കും വന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും സെന്റര്‍ കണ്‍സോളിലുള്ള സ്‌ക്രീനിലുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഡ്രൈവര്‍ക്ക് പുതിയതായി നല്‍കിയിട്ടുണ്ട്. പുതിയ 1.5 ലിറ്റര്‍ കെ 15 ബി.ഡി.ഒ.എച്ച്. സി.വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് പുതിയ എര്‍ട്ടിഗയ്ക്ക് കരുത്തേകുക.

104 ബി.എച്ച്.പി.യാണിതിന്റെ കരുത്ത്. മാന്വലില്‍ ഫൈവ് സ്പീഡും ഓട്ടോമാറ്റിക്കില്‍ ഫോര്‍ സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടറുള്ള ഫോര്‍ സ്പീഡുമാണ് ട്രാന്‍സ്മിഷന്‍.

ഇന്ത്യയിലും ഇതേ എന്‍ജിനുമായിട്ടായിരിക്കും എര്‍ട്ടിഗ വരുന്നത് എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ഇപ്പോഴുള്ളത് 1.4 ലിറ്റര്‍ എന്‍ജിനാണ്. ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ ഡി.ഡി. െഎ.എസ്. എന്‍ജിന്‍ തന്നെയാകും തുടരുക. ഫൈവ് സ്പീഡ് മാന്വലായിരിക്കും ഡീസലിലെ ട്രാന്‍സ്മിഷന്‍. എന്നാല്‍, ഇന്ത്യയിലെന്തായിരിക്കും വിലയെന്ന കാര്യത്തില്‍ അനുമാനത്തിനൊന്നും ആരും മുതിരുന്നില്ല. കാരണം, മാറ്റങ്ങള്‍ ഏറെയുണ്ട്. വലുപ്പവും കൂടുന്നുണ്ട്. അതായത്, പഴയ എര്‍ട്ടിഗയല്ലെന്നര്‍ഥം. അതിനാല്‍ വിലയും കൂടുമെന്ന് സാരം. 

Content Highlights; All New Maruti suzuki Ertiga Features Spes