വാഹനലോകം ഏറെ നാളായി കാത്തിരുന്ന ദിവസം മാരുതി പ്രഖ്യാപിച്ചിരിക്കുകയാണ്. എംപിവി ശ്രേണിയിലേക്ക് മുഖം മിനുക്കിയെത്തുന്ന പുതിയ എര്‍ട്ടിഗ നവംബര്‍ 21-ന് വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. ഉത്സവ സീസണിലെത്തുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് നീട്ടിവയ്ക്കുകയായിരുന്നു. 

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് എര്‍ട്ടിഗ ഇത്തവണ എത്തുന്നത്. കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന എര്‍ട്ടിഗയുടെ നിര്‍മാണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ബുക്കിങ് സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

പ്രകടമായ മാറ്റങ്ങളോടെയാണ് എര്‍ട്ടിഗയുടെ പുത്തന്‍ വരവ്. പുതുതായി ഡിസൈന്‍ ചെയ്ത ബംമ്പര്‍, ക്രോം ഇന്‍സേര്‍ട്ടോടുകൂടിയ പുതിയ ഗ്രില്‍, ട്വിന്‍ പോഡ് പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, വൃത്താകൃതിയിലുള്ള ഫോഗ്ലാമ്പ് എന്നിവ എര്‍ട്ടിഗയുടെ മുഖഛായ മാറ്റുന്നുണ്ട്. 

ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡാണ് എര്‍ട്ടിഗയുടെ ഇന്റീരിയറിലെ പ്രധാന പുതുമ. ഇതിനൊപ്പം കൂടുതല്‍ സ്ഥലസൗകര്യവും ആപ്പിള്‍ കാര്‍പ്ലേ, ആഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഫ്ളോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കുന്നു. 

ഹെര്‍ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതിയ എര്‍ട്ടിഗ നിര്‍മിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ പുതിയ സിയാസില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എര്‍ട്ടിഗിയിലെ മറ്റൊരു പുതുമ. ഇത് 104 എച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.  

ഡീസല്‍ എന്‍ജിനില്‍ മാറ്റം വരുത്തിയിട്ടില്ല. പെട്രോള്‍ മോഡല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്കിലും  അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും പുറത്തിറക്കുന്നുണ്ട്. മികച്ച ഇന്ധന ക്ഷമതയാണ് പുതിയ എര്‍ട്ടിഗയുടെ മറ്റൊരു പ്രത്യേകത.