ജീപ്പിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുന്നതിനായി ഫിയറ്റ് ക്രൈസ്‌ലര്‍ 2018-ല്‍ ഒരു പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി അനുസരിച്ച് അതിവേഗം ഇലക്ട്രിക് കരുത്തിലേക്ക് മാറുകയാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ്.

മികച്ച കരുത്തും, കൂടുതല്‍ റേഞ്ചും, ഉയര്‍ന്ന വേഗതയുമുള്ള ഇലക്ട്രിക് എസ്‌യുവികള്‍ അവതരിപ്പിക്കുകയാണ് ജീപ്പിന്റെ ലക്ഷ്യം. ഇലക്ട്രിക് കരുത്തിലേക്ക് മാറുന്ന ജീപ്പ് മോഡലുകള്‍ മികച്ച ഡ്രൈവിങ്ങ് അനുഭവമായിരിക്കും സമ്മാനിക്കുക. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളായി മാറുകയാണ് ജീപ്പിന്റെ ലക്ഷ്യമെന്നും കമ്പനി മേധാവി അറിയിച്ചു. 

പൂര്‍ണമായും ഇലക്ട്രികിലേക്ക് മാറുന്നതിന് മുന്നോടിയായി ജീപ്പിന്റെ എക്കാലത്തേയും മികച്ച എസ്‌യുവികളിലൊന്നായ റാങ്ക്‌ളറിന്റെ ഹൈബ്രിഡ് പതിപ്പ് അടുത്ത വര്‍ഷത്തോടെ നിരത്തുകളിലെത്തും. ജീപ്പിന്റെ ഇലക്ട്രിഫിക്കേഷന്‍ പോളിസി പ്രകാരം ആദ്യമെത്തുന്ന വാഹനമായിരിക്കും റാങ്ക്‌ളര്‍ ഹൈബ്രിഡ്.

2021-ല്‍ ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് വാഗോനീര്‍, ന്യൂ ഗ്രാന്റ് വാഗോനീര്‍ തുടങ്ങിയ മൂന്ന് വാഹനങ്ങളുടെ ഹൈബ്രിഡ് പതിപ്പും ജീപ്പ് നിരത്തുകളിലെത്തിക്കും. ഡെട്രോയിറ്റ് അസംബ്ലി പ്ലാന്റിലും വാറണ്‍ ട്രക്ക് അസംബ്ലി പ്ലാന്റിലുമായിരിക്കും ഈ വാഹനങ്ങള്‍ നിര്‍മിക്കുകയെന്നും ജീപ്പ് അധികൃതര്‍ വെളിപ്പെടുത്തി. 

2022-ല്‍ പത്ത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നാല് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനാണ് ജീപ്പ് പദ്ധതിയൊരുക്കുന്നത്. ഇതിനുപുറമെ, 2020-ല്‍ പുറത്തിറങ്ങുന്ന ജീപ്പിന്റെ ഗ്രാന്റ് ചെറോക്കിയില്‍ ലെവല്‍-3 ഓട്ടോണമസ് സാങ്കേതികവിദ്യ നല്‍കുമെന്നുമാണ് സൂചന.

എന്നാല്‍, കോംപസിന്റെ ഏഴ് സീറ്റര്‍ പതിപ്പ് അവതരിപ്പിച്ച് ഇന്ത്യയില്‍ ജീപ്പിന്റെ വാഹനനിര വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഫോര്‍ഡ് എന്‍ഡേവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന വാഹനം അടുത്ത വര്‍ഷം ഇന്ത്യന്‍ നിരത്തിലെത്തിയേക്കും.

Content Highlights: All Jeep SUVs To Turn Electric Within Three Year