ലാഷ്‌നികോവ് എന്ന കമ്പനിയെ പറ്റി അധികം കേട്ടിട്ടുണ്ടാവില്ലങ്കിലും ഇവര്‍ നിര്‍മിക്കുന്ന എ.കെ.47 എന്ന തോക്കിനെ കുറിച്ച് ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം. റഷ്യയിലെ പ്രസിദ്ധമായ ആയുധ നിര്‍മാണ കമ്പനിയായ കലാഷ്‌നികോവ് മൊബിലിറ്റി രംഗത്തേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനത്തിന്റെ നിര്‍മാണത്തിലൂടെ വാഹന മേഖലയില്‍ സാന്നിധ്യമറിയിക്കാനാണ് ഈ കമ്പനി ഒരുങ്ങുന്നത്. 2018-ല്‍ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരുന്നു.

1970 കാലഘട്ടങ്ങളിലെ സോവിയറ്റ് ഹാച്ച്ബാക്ക് മോഡലായ ഇഹ് കോംബിയുടെ മാതൃകയിലുള്ള സി.വി-1 കണ്‍സെപ്റ്റാണ് 2018-ല്‍ കലാഷ്‌നികോവ് പുറത്തിറക്കിയത്. എന്നാല്‍, പുതിയ വിവരം അനുസരിച്ച് ഇസ് യു.വി-4 എന്ന നാല് ഡോര്‍ ഇലക്ട്രിക് വാഹനത്തിന്റെ മാതൃകയുടെ പണിപ്പുരയിലാണ് കലാഷ്‌നികോവ് ഇപ്പോള്‍. ഈ മോഡല്‍ വരും വര്‍ഷങ്ങളില്‍ അവതരിപ്പിച്ചേക്കും. വൈദ്യുതി വാഹനങ്ങളിലെ അതികായരായ ടെസ്‌ലയോട് ഏറ്റുമുട്ടുന്നതിനായാണ് എ.കെ.47 നിര്‍മാതാക്കള്‍ എത്തുന്നതെന്നാണ് സൂചന.

യു.വി-4 എന്ന പേരിന് പേറ്റന്റ് നേടുന്നതിനായി കലാഷ്‌നികോവ് റഷ്യയില്‍ അപേക്ഷ നല്‍കിയതയാണ് റിപ്പോര്‍ട്ട്. പ്രധാനമായും സിറ്റി യാത്രകള്‍ക്കായി ഒരുങ്ങുന്ന വാഹനമായിരിക്കും യു.വി-4 എന്നാണ് സൂചന. 3.4 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയും 1.7 മീറ്റര്‍ ഉയരത്തിലുമായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് വിവരം. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇലക്ട്രിക് കാറിന് പുറമെ, ഇലക്ട്രിക് മുചക്ര വാഹനങ്ങളും കലാഷ്‌നികോവിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. യു.വി-4 വാഹനത്തിന്റെ ഡോറുകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളിലൂടെയായിരിക്കും ഈ മോഡല്‍ എത്തിക്കുകയെന്നാണ് സൂചന. 2018-ലെ പ്രഖ്യാപനത്തില്‍ ഓഫ് റോഡ് ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണവും കമ്പനി ആലോചിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത്. എസ്.എം.-1 എന്ന് പേരിട്ടിരുന്ന ഇലക്ട്രിക് ബൈക്ക് റഷ്യന്‍ ആര്‍മി ഷോയില്‍ പ്രദര്‍ശനത്തിനും എത്തിച്ചിരുന്നു.

സൈന്യത്തിന് വേണ്ടിയായിരിക്കും ഈ ബൈക്ക് എത്തുകയെന്നായിരുന്നു വിവരം. വാട്ടര്‍ കൂളിങ് ഡിസി മോട്ടര്‍ ലിതിയം ഇയോണ്‍ ബാറ്ററിയുമാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് എസ്എം-1 കൈവരിക്കാന്‍ കഴിയുന്ന പരമാവധി വേഗത. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ടയറുകളും ദൂരയാത്രയ്ക്ക് സഹായിക്കുന്ന സസ്‌പെന്‍ഷനും ഇതില്‍ നല്‍കിയിരുന്നു.

Content Highlights: AK47 Gun Maker Kalashnikov Making Electric Car, Electric Car, AK47, Kalashnikov