വിനോദസഞ്ചാരികളെ എമിറേറ്റിലെ കാഴ്ചകളിലേക്കെത്തിക്കാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ സന്ദര്‍ശകരെ അവരുടെ ഹോട്ടലുകളില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അജ്മാനിലെ പ്രധാന കേന്ദ്രങ്ങളിലേക്കും എത്തിക്കും. അജ്മാന്‍ മുനിസിപ്പാലിറ്റിയും പ്ലാനിങ് വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 

യു.എ.ഇയുടെ അമ്പതിന പദ്ധതികളുടെ ഭാഗമായാണിത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികശാസ്ത്രം പ്രയോജനപ്പെടുത്താനുമുള്ള ദൗത്യമാണ് എമിറേറ്റ് ചെയ്തിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പ്ലാനിങ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു.

ഒട്ടേറെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഈ സെല്‍ഫ് ഡ്രൈവിങ് വാഹനം യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കും. വാഹനത്തില്‍ ഫൈവ് ജി സാങ്കേതിക വിദ്യയും ഫേഷ്യല്‍ റെക്കഗ്‌നിഷനും നിര്‍മിതബുദ്ധി സവിശേഷതകളുമുണ്ട്. 

അതിവേഗ വൈഫൈ ആക്‌സസും ലഭ്യമാണ്. ഫൈവ് ജി പിന്തുണയുള്ള സുസ്ഥിര ഗതാഗതം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലെത്താനുള്ള യു.എ.ഇയുടെ ശ്രമഫലമായാണ് ഈ സംരംഭം.

Content Highlights: Ajman municipality introduce driverless vehicle for tourists, driverless vehicle with 5G internet