ലോകത്തിലെ വികസിത രാജ്യങ്ങളില്‍ പലതും എയര്‍കാര്‍/ഫ്‌ളൈയിങ്ങ് കാറുകളുടെ പണിപ്പുരയിലാണ്. ഈ സാഹചര്യത്തില്‍ ഒരുപടി കൂടി കടന്ന് ഫ്‌ളൈയിങ്ങ് കാറിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യ. നിത്രയിലെ വിമാനത്താവളത്തില്‍ നിന്ന് ബ്രാറ്റിസ്ലാവ വിമാനത്താവളത്തിലേക്കാണ് ഫ്‌ളൈയിങ്ങ് കാര്‍ പറക്കല്‍ നടത്തിയത്. 35 മിനിറ്റ് കൊണ്ടാണ് ഈ കാര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മിനിറ്റില്‍ ഫ്‌ളൈയിങ്ങ് കാറായ രൂപം മാറുന്ന ഹൈബ്രിഡ് കാര്‍ എയര്‍ക്രോഫ്റ്റായാണ് പരീക്ഷണ പറക്കലിന് ഇറക്കിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. പെട്രോള്‍ ഇന്ധനമായുള്ള ബി.എം.ഡബ്ല്യുവിന്റെ എന്‍ജിനാണ് ഈ ഫ്‌ളൈയിങ്ങ് കാറില്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തം 40 മണിക്കൂറാണ് ഈ ഫ്‌ളൈയിങ്ങ് കാര്‍ ഇതുവരെ പറന്നിട്ടുള്ളത്. 2500 മീറ്റര്‍ ഉയരത്തില്‍ 1000 കിലോമീറ്ററോളം ഇത് പറന്ന് കഴിഞ്ഞതായാണ് നിര്‍മാതാവായ സ്റ്റെഫാന്‍ ക്ലൈന്‍ അവകാശപ്പെടുന്നത്. 

നിരത്തുകളില്‍ ഓടുമ്പോള്‍ സാധാരണ കാറുകള്‍ക്ക് സമാനമാണ് ഇത്. കാറിന്റെ വശങ്ങളിലായാണ് ചിറകുകള്‍ നല്‍കിയിട്ടുള്ളത്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമാണ് ക്ലൈന്‍ ഈ ഫ്‌ളൈയിങ്ങ് കാര്‍ ഒരുക്കിയിട്ടുള്ളത്. 200 കിലോഗ്രാം വരെയാണ് ഇതിന്റെ ഭാരവാഹക ശേഷി. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയാണ്  പരമാവധി വേഗത. പരീക്ഷണ പറക്കലിന് ശേഷം സ്റ്റെഫാന്‍ ക്ലൈന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

Flying Car
ഫ്‌ളൈയിങ്ങ് കാര്‍ | Photo: KleinVision

സാധാരണ ഡ്രോള്‍ ടാക്‌സികളെ പോലെ വെര്‍ട്ടിക്കിളായി പറന്നുയരാന്‍ സാധാക്കാത്തത് ഈ വാഹനത്തിന്റെ പോരായ്മയായാണ് വിശേഷിപ്പിക്കുന്നത്. ഈ വാഹനത്തിന് ടേക്ക്-ഓഫിനും ലാന്‍ഡിങ്ങിനും റണ്‍വേ ആവശ്യമാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഭാവിയില്‍ വലിയ സാധ്യതകളാണ് ഫ്‌ളൈയിങ്ങ് കാറുകള്‍ക്ക് ഉള്ളതെന്നാണ് വിലയിരുത്തലുകള്‍. 2040-ഓടെ 1.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യവസായ മേഖലയായിരുന്നു ഇതെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെട്ടിട്ടുള്ളത്. 

രണ്ട് വര്‍ഷമെടുത്താണ് ഇപ്പോള്‍ പരീക്ഷണ പറക്കലിനുള്ള പ്രോട്ടോടൈപ്പ് വികസിപ്പിച്ചിട്ടുള്ളതെന്നാണ് ഫ്‌ളൈയിങ്ങ് കാര്‍ നിര്‍മാതാക്കളായ ക്ലൈന്‍ അറിയിച്ചിരിക്കുന്നത്. രണ്ട് മില്ല്യണ്‍ യൂറോ ചെലവിട്ടാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ ഫ്‌ളൈയിങ്ങ് ടാക്‌സി വില്‍പ്പനയുടെ ഒരു ചെറിയ വിഹിതമെങ്കിലും ലഭിച്ചാല്‍ അത് വലിയ നേട്ടമായിരിക്കുമെന്നാണ് ക്ലൈന്‍ വിഷന്റെ ഉപദേശകനും നിക്ഷേപകനുമായ ആന്റണ്‍ രാജക് അഭിപ്രായപ്പെടുന്നത്.

Source: BBC

Content Highlights: AirCar 35 minute flight from Nitra to the international airport in Bratislava