മാരുതിയുടെ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും കരുത്ത് പകരുന്നത്. ഇതിന്റെ തുടക്കമെന്നോണം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സിയാസ് പുറത്തിറങ്ങിക്കഴിഞ്ഞു. വൈകാതെ തന്നെ എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ വാഹനങ്ങളിലും ഈ എന്‍ജിന്‍ നല്‍കും. 

ഫിയറ്റിന്റെ 1.3 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനാണ് ഈ വാഹനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഇത് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നില്ലെന്ന് ഫിയറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് മാരുതി സ്വന്തമാകി ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ DDis 225 ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്.

2020 ഏപ്രില്‍ മാസത്തിന് ശേഷം ഇന്ത്യയില്‍ ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ 1.3 ലിറ്റര്‍ എന്‍ജിനില്‍ എത്തുന്ന സ്വിഫ്റ്റ്, ഡിസയര്‍ എന്നീ ചെറുവാഹനങ്ങള്‍ 2020-ഓടെ പെട്രോള്‍ മോഡല്‍ മാത്രമേ നിര്‍മിക്കൂവെന്നും അഭ്യൂഹങ്ങളുണ്ട്.

ബിഎസ്-6 എന്‍ജിന്‍ എത്തുന്നതോടെ ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം 2.5 ലക്ഷം രൂപയാകും. നിലവില്‍ ഇത് ഒരു ലക്ഷം രൂപയാണ്. ചെറുകാറുകളുടെ ഡീസല്‍ മോഡലുകള്‍ നിര്‍ത്തി പകരും സിഎന്‍ജി അവതരിപ്പിക്കുമെന്നാണ് വിവരം.

1.5 ലിറ്റര്‍ DDiS 225 ഡീസല്‍ എന്‍ജിന്‍ 94 ബിഎച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ എന്നീ വാഹനങ്ങളിലായിരിക്കും ഇനി 1.5 ലിറ്റര്‍ എന്‍ജിന്‍ നല്‍കുക.

Content Highlights: After Ciaz, Maruti Ertiga and S-Cross To Get New 1.5 Liter Diesel Engine