ആസിഫ് അലി പുതിയ വാഹനത്തിന് സമീപം | Photo: Facebook/Team Asif Ali
ആഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക എസ്.യു.വി. മോഡലായ ഡിഫന്‍ഡര്‍ സ്വന്തമാക്കി മലയാള സിനിമയിലെ യുവതാരം ആസിഫ് അലി. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയത്. 1.35 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനം കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മുത്തൂറ്റ് ജെ.എല്‍.ആറില്‍ കുടുംബ സമേതം എത്തിയാണ് അദ്ദേഹം സ്വന്തമാക്കിയത്.
ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലാണ് ഡിഫന്‍ഡര്‍. എന്നാല്‍, രണ്ടാം വരവില്‍ എസ്.യു.വിയുടെ ഭാവങ്ങള്‍ക്കും കരുത്തിനുമൊപ്പം പുതുതലമുറ ഫീച്ചറുകളും കൂടുതല്‍ ഓഫ് റോഡ് സംവിധാനങ്ങളുമായാണ് ഡിഫന്‍ഡര്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. മൂന്ന് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, അഞ്ച് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 എന്നീ രണ്ട് മോഡലുകളാണ് ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.
ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. ബെയ്‌സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസിലും ഐതിഹാസിക മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തിയിട്ടുള്ളതും സവിശേഷതയാണ്.
3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2996 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ 110-ന് സാധിക്കും.
പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാങ്കേതികവിദ്യയില്‍ ഈ വാഹനത്തെ കേമനാക്കുന്നതില്‍ പ്രധാനം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.
Content Highlights: Actor Asif Ali buys Land Rover Defender 110 SUV, Asif Ali, Land Rover Defender
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..