ടെസ്ല ടാക്സി | ഫോട്ടോ: മാതൃഭൂമി
എമിറേറ്റിലെ ടാക്സി വ്യൂഹത്തില്‍ ടെസ്‌ല വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി.) അധികൃതര്‍ അറിയിച്ചു. യു.എ.ഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. അറേബ്യ ടാക്‌സി ട്രാന്‍സ്പോര്‍ട്ടേഷനുമായി സഹകരിച്ചാണ് ഐ.ടി.സി. വാഹനങ്ങള്‍ പുറത്തിറക്കിയത്.
'സുസ്ഥിര വികസനത്തിന് ഹരിത സമ്പദ് വ്യവസ്ഥ' എന്ന സംരംഭത്തെ പിന്തുണയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കൂടുതല്‍ സംഭാവനകള്‍ നല്‍കുമെന്ന് ഐ.ടി.സി. ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മര്‍സൂഖി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അറേബ്യ ടാക്‌സി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ശൈഖ് സുല്‍ത്താന്‍ മാജിദ് ഹമദ് അല്‍ ഖാസിമി വ്യക്തമാക്കി.
ഐ.ടി.സിയുടെ സേവനങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതിനായി ഈ മാസം 17 വരെ എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലായി ശില്പശാലകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
2027-ഓടെ ദുബായിലെ മുഴുവന്‍ ടാക്‌സികളെയും വൈദ്യുത അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ലക്ഷ്യമിടുന്നത്. നിലവില്‍ ടാക്‌സിവ്യൂഹത്തില്‍ ഏകദേശം 50 ശതമാനവും പരിസ്ഥിതിസൗഹൃദ വാഹനങ്ങളാണുള്ളത്. റാസല്‍ഖൈമയിലെ ടാക്‌സിവ്യൂഹത്തില്‍ 11-ഉം ഷാര്‍ജയില്‍ 10-ഉം ടെസ്‌ല വാഹനങ്ങള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.
Content Highlights: Abu Dhabi adds Tesla electric vehicle to its taxi fleet, Tesla Electric car, electric taxi car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..