റ്റലിയിലെ ബൊലോഗ്ന വിമാനത്താവളവും സൂപ്പര്‍ കാര്‍ നിര്‍മാതാക്കളുമായി ഒരു ബന്ധമുണ്ട്. മറ്റ് വിമാനത്താവളങ്ങളിലെല്ലാം വിമാനത്തിന്റെ ഫോളോ മീ വാഹനമായി എസ്.യു.വികളും മറ്റും ഉപയോഗിക്കുമ്പോള്‍ ഈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് വഴി കാട്ടുന്നത് ആഡംബര സൂപ്പര്‍ കാറായ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോയാണ്. ബൊലോഗ്ന ഗുഗ്ലിയല്‍മോ മാര്‍ക്കോണി വിമാനത്താവളത്തില്‍ ഏഴ് ലംബോര്‍ഗിനി കാറുകളാണ് ഫോളോ മീ വാഹനമായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

വിമാനത്താളവത്തിലെ ടാക്‌സി വേയിലേക്കും പാര്‍ക്കിങ്ങ് ഏപ്രണിലേക്കും വിമാനങ്ങള്‍ക്ക് വഴികാട്ടുന്നതിനാണ് ഫോളോ മീ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സാധാരണ ഗതിയില്‍ വലിയ എസ്.യു.വികളോ ട്രക്കുകളോ ആണ് ഈ സേവനത്തിനായി ഉപയോഗിക്കാറുള്ളത്. ആവശ്യഘട്ടങ്ങളില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മറ്റ് വി.ഐ.പികളും ഈ വാഹനത്തിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ബൊലോഗ്ന വിമാനത്താവളത്തില്‍ പുതുതായി എത്തിയ വാഹനം 2022 വരെ ഉപയോഗിക്കും.

വിമാനത്തിന് പുറമെ, ഇവിടെ എത്തുന്ന യാത്രക്കാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത് ഈ ലംബോര്‍ഗിനി വാഹനങ്ങളാണ്. വെര്‍ഡെ ടര്‍ബൈന്‍ മാറ്റ് എന്ന് പേര് നല്‍കിയിട്ടുള്ള ഇളംപച്ച നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക്‌സുകളും നല്‍കിയാണ് ഫോളോ മീ വാഹനങ്ങളായ ലംബോര്‍ഗിനി ഹുറാകാന്‍ അലങ്കരിച്ചിട്ടുള്ളത്. ഇവോയെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള സൂപ്പര്‍ ട്രോഫിയോ റേസിങ്ങ് വാഹനങ്ങളുടെ മാതൃകയിലാണ് ഈ വാഹനങ്ങളും നിര്‍മിക്കുന്നതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

Lamborghini
ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ | Photo: Lamborghini

ഈ വാഹനത്തിന്റെ മുന്നില്‍ ഇറ്റലിയുടെ പതാക ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം ഫോളോ മീ ഇന്‍ അവര്‍ ബ്യൂട്ടിഫുള്‍ കണ്‍ട്രി എന്ന് തൂവെള്ള അക്ഷരങ്ങളില്‍ ഏഴുതിയിട്ടുമുണ്ട്. ലംബോര്‍ഗിനി സെന്‍ട്രോ സ്‌റ്റൈല്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഈ വാഹനത്തില്‍ പതിച്ചിട്ടുണ്ട്. വാഹനത്തിന് മുകളില്‍ രണ്ട് നിറങ്ങളിലുള്ള ലൈറ്റ് ബാറിനൊപ്പം സിഗ്നല്‍ ടവറുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന റേഡിയോ കണക്ടിവിറ്റിയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

കരുത്തേറിയ 5.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് വി10 എന്‍ജിനാണ് ഫോളോ മി ലംബോര്‍ഗിനി ഹുറാകാന്‍ ഇവോയില്‍ നല്‍കിയിട്ടുള്ളത്. ഇത് 640 ബി.എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കുമാണ് ഉതാപാദിപ്പിക്കുന്നത്. 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. സൂപ്പര്‍ കാറുകള്‍ ഫോളോ മീ വാഹനങ്ങളായി ഉപയോഗിക്കുന്ന മറ്റ് വിമാനത്താവളങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

Content Highlights: A New Lamborghini Huracan Evo Follow Me At Bologna Airport