മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ ടൊയോട്ട പതിപ്പാണ് ഗ്ലാന്‍സ. സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിനെ തുടര്‍ന്നാണ് ബലേനൊയുടെ ടൊയോട്ട പതിപ്പ് നിരത്തിലെത്തിയത്. അവതരിപ്പിച്ചപ്പോള്‍ മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഈ വാഹനത്തിന്റെ 25000 യൂണിറ്റാണ് ഇപ്പോള്‍ നിരത്തുകളിലോടുന്നത്. 

2019-ജൂണിലാണ് ടൊയോട്ട ഗ്ലാന്‍സ അവതരിപ്പിക്കുന്നത്. പ്രതിമാസം ഗ്ലാന്‍സയുടെ 2000 യൂണിറ്റാണ് ശരാശരി നിരത്തിലെത്തുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിരുന്ന മാര്‍ച്ച് മാസത്തില്‍ പോലും 2104 ഗ്ലാന്‍സ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബലെനൊയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ നേരിയ കുറവാണ് കാണിക്കുന്നത്. 

ജി,വി എന്നീ രണ്ടുവേരിയന്റുകളാണ് ഗ്ലാന്‍സ എത്തുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലായ ജി വേരിയന്റിന് 6.98 ലക്ഷം രൂപയും സിവിടി പതിപ്പായ വി വേരിന്റിന് 8.90 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. അതേസമയം, അടിസ്ഥാന വേരിയന്റായ ജി-യില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കിയിട്ടുണ്ട്.

ജി വേരിയന്റില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഹൈബ്രിഡ് മോട്ടോറുമാണ് നല്‍കിയിട്ടുള്ളത്. ഇത് 89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകും. വി വേരിയന്റിലെ 1.2 ലിറ്റര്‍ കെ12എം പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് സിവിടിയാണ് ട്രാന്‍സ്മിഷന്‍.

ഡിസൈന്‍ ഫീച്ചറുകളിലും മെക്കാനിക്കലായും ഗ്ലാന്‍സയും ബലേനൊയും തുല്യരാണ്. ടൊയോട്ട ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഗ്രില്ലും അലോയി വീലും ടെയ്ല്‍ഗേറ്റിലും മാത്രമാണ് മാറ്റങ്ങളുള്ളത്. ബലേനൊയുടെ ഏറ്റവുമുയര്‍ന്ന രണ്ട് വേരിയന്റുകളാണ് ടൊയോട്ട ഗ്ലാന്‍സ ആയിട്ടുള്ളത്. അതുകൊണ്ട് ഗ്ലാന്‍സ ഫീച്ചര്‍ സമ്പന്നമാണ്.

Source: NDTV Car and Bike

Content Highlights: 25000 Unit Toyota Glanza Sold In India