പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍ തുടങ്ങി പുതുതലമുറ വാഹനങ്ങളിലെ ഫീച്ചറുകളുടെ അകമ്പടികള്‍ ഇല്ലാതെ തന്നെ യുവാക്കളുടെ മനസില്‍ ഇടം നേടിയ വാഹനമാണ് ഫോക്‌സ്‌വാഗണിന്റെ പോളോ എന്ന ഹാച്ച്ബാക്ക്. അത് കഴിഞ്ഞ കാലം. എന്നാല്‍, കാലത്തിനനുസരിച്ച് മാറി പുത്തന്‍ ലുക്കിന്‍ വീണ്ടുമെത്തുകയാണ് പോളോ. ഇത്തവണ മുഖം മിനുക്കലില്‍ പ്രൊജക്ഷന്‍ ലൈറ്റുകളും ഡി.ആര്‍.എല്ലും ഒക്കെയായി അല്‍പ്പം സ്റ്റൈലിലാണ് പോളോ എത്തിയിരിക്കുന്നത്. 

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫോക്‌സ്‌വാഗണ്‍ പോളോ മുഖം മിനുക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവില്‍ ഇന്നാണ് 2022 ഫോക്‌സ്‌വാഗണ്‍ പോളോ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. പോളോ ഹാച്ച്ബാക്കിന്റെ ആറാം തലമുറ മോഡലാണ് ഇപ്പോള്‍ വിദേശ നിരത്തുകളിലുള്ളത്. എന്നാല്‍, ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടില്ല. പോളോയുടെ അഞ്ചാം തലമുറ മോഡലാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂജനറേഷന്‍ ഫീച്ചറുകളുടെ നീണ്ട നിരയുമായാണ് 2022 മോഡല്‍ പോളോ എത്തിയിട്ടുള്ളത്. മുമ്പ് പോളോയില്‍ കണ്ടിട്ടില്ലാത്ത ഡിസൈനിലുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, രൂപമാറ്റം വരുത്തിയ ഗ്രില്ല്, ക്രോമിയം ലൈന്‍, വലിയ എയര്‍ഡാം, സ്‌റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയുള്ള ബോണറ്റ്, പുതിയ ലോഗോ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. 

Volkswagen Polo
ഫോക്‌സ്‌വാഗണ്‍ പോളോ | Photo: Volkswagen News

പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ഷോര്‍ഡര്‍ ലൈന്‍ എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ വശങ്ങള്‍ മുന്‍തലമുറ പോളോയുമായി സാമ്യമുള്ളതാണ്. റിയര്‍ പ്രൊഫൈലില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ടിഗ്വാനിലെ ടെയ്ല്‍ലാമ്പിന് സമാനമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ലൈറ്റാണ് ഇതിലും നല്‍കിയിട്ടുള്ളത്. ഡിഫ്യൂസര്‍ നല്‍കിയിട്ടുള്ള റിയര്‍ ബമ്പര്‍ പിന്‍ഭാഗത്തിന് സ്‌പോട്ടി ഭാവം നല്‍കുന്നുണ്ട്. പുതിയ ഡിസൈനിലാണ് പിന്‍ഭാഗവും ഒരുങ്ങിയിട്ടുള്ളത്.

മുന്‍ മോഡലിന്റെ അകത്തളത്തിന് കാര്യമായ ഫീച്ചറുകള്‍ അവകാശപ്പെടാനില്ലെങ്കില്‍ ഇത്തവണ പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. 9.2 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിരയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്. 

1.0 ലിറ്റര്‍ എന്‍.എ, 1.0 ലിറ്റര്‍ ടി.എസ്.ഐ. എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പോളോ എത്തുന്നത്. 1.0 ലിറ്റര്‍ എന്‍.എ. എന്‍ജിന്‍ 80 ബി.എച്ച്.പി. പവറും 93 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. രണ്ട് ട്യൂണിങ്ങിലാണ് ടി.എസ്.ഐ. എന്‍ജിന്‍ എത്തുന്നത്. ഇത് 95, 110 ബി.എച്ച്.പി. കരുത്തുകള്‍ ഉത്പാദിപ്പിക്കും. ടി.എസ്.ഐ. എന്‍ജിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷണലായി നല്‍കിയിട്ടുണ്ട്.

Content Highlights: 2022 Volkswagen Polo Unveiled, World Premiere Of The New Polo