ഹ്യുണ്ടായി വെന്യു | Photo: Hyundai
തൊണ്ണൂറുകളില്‍ കടല്‍കടന്നെത്തിയ കൊറിയക്കാര്‍ ഇന്ത്യയുടെ ഹൃദയം കീഴടക്കിയത് വേഗത്തിലാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായിയുടെ വലിയ ചിഹ്നം നിറഞ്ഞുനിന്നു. സാങ്കേതികത്തനിമയും സൗന്ദര്യവുമൊത്ത നിര്‍മാണരീതിയായിരുന്നു അവരുടെ തുറുപ്പുചീട്ട്. നിരാശയ്ക്ക് സ്ഥാനമില്ലാതെയായിരിക്കും ഓരോ പുതിയ വണ്ടിയുടെയും പ്രഖ്യാപനങ്ങള്‍. സബ് കോംപാക്ട് എസ്.യു.വി.കളില്‍ ഹ്യുണ്ടായിയുടെ തുറുപ്പുചീട്ടായിരുന്നു 'വെന്യു'.വില്‍പ്പനയില്‍ ഒരിക്കലും പിന്നോട്ടുപോകാതെ യശസ്സുയര്‍ത്തി നില്‍ക്കുമ്പോഴാണ് 'വെന്യു'വിന്റെ മുഖംമിനുക്കല്‍ നടത്തിയത്.
ഹൈദരാബാദിലായിരുന്നു മീഡിയാ ഡ്രൈവ്. പിറവിയെടുത്ത് അധികമാവുംമുമ്പേ എന്താണൊരു പുതുക്കിപ്പണിയെന്ന ചോദ്യത്തിന്, കാലം മാറുകയല്ലേ... എന്നായിരുന്നു മറുപടി. എതിരാളികള്‍ ഫീച്ചറുകള്‍ കുത്തിനിറയ്ക്കുമ്പോള്‍ 'വെന്യു' അല്‍പ്പം പിന്നിലാണെന്ന് കമ്പനിക്കൊരു തോന്നല്‍. അതാണ് മുഖംമാറ്റത്തിന്റെ പ്രധാന കാരണം. സാങ്കേതികതയില്‍ പഴയ 'വെന്യു'വില്‍ നിന്ന് ഒരുമാറ്റവുമില്ല. എന്നാല്‍, പുറംമോടിയിലും ഫീച്ചറുകളിലും പഴയ 'വെന്യു'വേ അല്ല.

പുറമഴക്
പുതിയ 'വെന്യു' രൂപത്തില്‍ ഒന്നു ഒതുങ്ങിയിട്ടുണ്ട്. ഗ്രില്‍ മുതല്‍ മാറ്റങ്ങള്‍ ആരംഭിക്കുകയാണ്. വലിയ ഗ്രില്‍, അല്‍കസാറിനെ ഓര്‍മിപ്പിക്കും. അതുപോലെ ക്രോം അകമ്പടിക്കൊപ്പം കുറച്ചു കറുപ്പുംകൂടി ചേര്‍ന്നതോടെ സംഭവം ജോറായി. ഡി.ആര്.എല്ലും ഇന്‍ഡിക്കേറ്ററുമെല്ലാം ബോണറ്റിന് തൊട്ടുതാഴെ സംഗമിച്ചിട്ടുണ്ട്. എല്‍.ഇ.ഡി.യാണ് എല്ലാം. പഴയ 'വെന്യു'വിന്റെ ഹെഡ്ലൈറ്റ് തന്നെ. ഫോഗ് ലാമ്പിനു പകരം താഴെ എയര്‍ ഇന്‍ലെറ്റ് വന്നു. അതിനും താഴെ സ്കിഡ്പ്ളേറ്റ് നല്‍കിയിട്ടുണ്ട്.
വശങ്ങളിലെ മാറ്റം പ്രകടമാക്കുന്നത് പുതിയ 16 ഇഞ്ച് അലോയ് വീലാണ്. കരുത്തനാണെന്ന് തോന്നിക്കാന്‍ ഇരട്ടനിറം കലര്‍ത്തി അലോയ് വീല്‍ ചെത്തിക്കൂര്പ്പിച്ചിട്ടുണ്ട്. വശക്കാഴ്ചയ്ക്കുള്ള കണ്ണാടിക്ക് താഴെയും ഒരു ലൈറ്റുണ്ട്. വൃത്താകൃതിയില്‍ താഴേക്ക് പ്രതിഫലിക്കുന്ന ഈ വെളിച്ചം ആഡംബരവണ്ടികളിലാണ് കണ്ടിരുന്നത്. മുകളില്‍ റൂഫ് റെയില്‍ കാഴ്ചയ്ക്ക് ഭംഗികൂട്ടും. ഷാര്‍ക്ക്ഫിന്‍ ആന്റിനയുമുണ്ട്. പിന്നില്‍നിന്നുള്ള കാഴ്ചയിലാണ് സഹോദരനെ ഓര്‍മവരുക. കിയയില്‍ കാണുന്ന എല്‍.ഇ.ഡി.യുടെ ഉത്സവമേളമാണിവിടെ. ഇരുവശവും സ്പര്‍ശിച്ചുകൊണ്ട് നീണ്ടുകിടക്കുന്ന എല്‍.ഇ.ഡി. ട്യൂബ്. ടെയില്‍ ലാമ്പും ഇന്‍ഡിക്കേറ്ററുമെല്ലാം എല്‍.ഇ.ഡി. ട്യൂബാക്കി. രാത്രിയില്‍ തിളങ്ങുന്ന വജ്രങ്ങളെപ്പോലിരിക്കുമിത്.

അകമഴക്
കറുപ്പും വെള്ളയും ചേര്‍ന്നതാണ് അകത്തളം. നല്ല സീറ്റുകള്‍. ഡ്രൈവര്സീറ്റാകട്ടെ ഉയര്‍ത്താനും താഴ്ത്താനും ചരിക്കാനുമെല്ലാം സ്വിച്ചാക്കി മാറ്റി. ഡാഷ്ബോര്‍ഡില്‍ മാറ്റമൊന്നുമില്ല. ഡിജിറ്റല്‍ ഡിസ്പ്ലേകളാക്കി. സെന്റര്‍ കണ്‍സോളിലെ ഒമ്പത് ഇഞ്ച് ഡിസ്പ്ലേയിലാണ് മാറ്റങ്ങളുടെ പൂരം. ആദ്യമായി മലയാളം എഴുതിക്കാണിക്കുന്ന കാറുകൂടിയാണ് 'വെന്യു'. സെറ്റിങ്സ് മാറ്റി മലയാളം തിരഞ്ഞെടുത്താല്‍ ഡിസ്പ്ലേ മുഴുവന്‍ മലയാളമാകും.
വോയ്സ് അസിസ്റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട് 'വെന്യു'വില്‍. ചെറിയ സണ്‍റൂഫ് തുറക്കണമെങ്കില്‍ സ്റ്റിയറിങ്ങിലെ വോയ്സ് കമാന്‍ഡ് സ്വിച്ചമര്‍ത്തി ആകാശം കാണണമെന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മതി. കാറിലെ മധുരമൊഴിയുടെ അകമ്പടിയോടെ തനിയേ തുറന്നോളും. അടയ്ക്കാനും കാര്യംപറഞ്ഞാല് മതി. മുന്നിലെ സീറ്റുകളുടെ പിന്‍ഭാഗം വെട്ടിച്ചുരുക്കി പിന്നിലും സ്ഥലം കൂട്ടിയിട്ടുണ്ട്. പിന്നിലെ സീറ്റുകള്‍ ചരിക്കാനും പറ്റും.

ഓടിക്കാന്‍
83 ബി.എച്ച്.പി. 1.2 പെട്രോള്‍, 120 ബി.എച്ച്.പി. ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയും 1.5 ലിറ്റര്‍ ഡീസലും തന്നെ. കിയയില്‍ കണ്ടുവന്നിരുന്ന നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് മോഡുകള്‍ വെന്യുവിലേക്ക് കടന്നുവന്നിട്ടുണ്ട്. ഒരു ലിറ്റര്‍ ടര്‍ബോ എന്ജിന് ഐ.എം.ടി., ഏഴ് സ്പീഡ് ഡി.സി.ടി. ഗിയര്‍ബോക്സുകളില്‍ ലഭിക്കുമ്പോള്‍ ബാക്കിയുള്ളവ സിക്സ് സ്പീഡ് മാന്വല്‍ ഐ.എം.ടി.യിലാണ് വരുന്നത്.
ഡ്രൈവ് ചെയ്യാന്‍ ലഭിച്ചത് ടര്‍ബോ പെട്രോളായിരുന്നു. ഹൈദരാബാദ് വിമാനത്താവളം മുതല്‍ രാമോജി സിറ്റി വരെയുള്ള എട്ടുവരിപ്പാതയില്‍ ശരിക്കും 'വെന്യു'വിനെ അനുഭവിച്ചറിഞ്ഞു. ആദ്യത്തെ ചെറിയൊരു മാന്ദ്യമൊഴിച്ചാല് കുതിപ്പിന് കുറവില്ല. സസ്പെന്ഷന് കുറച്ച് കടുപ്പിച്ചുതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളോടൊപ്പം മാന്വല്‍ ഗിയര്‍ബോക്സ് മാത്രമാണ് ലഭിക്കുക. 1.2 ലിറ്റര്‍ എം.പി.ഐ. പെട്രോള്‍ എന്ജിന് മോഡലിന്റെ വില 7.53 ലക്ഷം രൂപയും ഒരു ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. പെട്രോള്‍ എന്ജിന് 9.99 ലക്ഷം രൂപയും 1.5 ലിറ്റര്‍ സി.ആര്.ഡി.ഐ. ഡീസല്‍ എന്ജിന് 9.99 ലക്ഷം രൂപയുമാണ് വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..