ന്ത്യന്‍ നിരത്തുകളിലെ പടക്കുതിര എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍. പല മുഖഭാവത്തിലെത്തിയിട്ടുള്ള ഈ പ്രീമിയം എസ്.യു.വിയുടെ പുതുതലമുറ മോഡല്‍ ജനുവരി ആറിന് ഇന്ത്യയിലും അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കളായ ടൊയോട്ട പുറത്തുവിട്ടു. ഫോര്‍ച്യൂണറിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ടൊയോട്ട ഫോര്‍ച്യൂണര്‍ മസ്‌കുലര്‍ എസ്.യു.വി. എന്ന വിശേഷണത്തില്‍നിന്ന് ക്യൂട്ട് എസ്.യു.വിയായി മാറിയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, ഫോഗ് ലാമ്പ്, ടേണ്‍ ഇന്റിക്കേറ്റര്‍ ലൈറ്റ് എന്നിവയാണ് ടീസറിലുള്ളത്. ഇതിനുപുറമെ, വലിയ എയര്‍ കര്‍ട്ടണും സ്‌കിഡ് പ്ലേറ്റും നല്‍കിയുള്ള പുതിയ ബംബറും രൂപമാറ്റം വരുത്തിയുള്ള ഗ്രില്ലുമായിരിക്കും മുഖഭാവം അലങ്കരിക്കുന്നത്. 

മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ എന്ന പുതിയ പതിപ്പും എത്തുന്നുണ്ട്. റെഗുലര്‍ മോഡലിനെക്കാള്‍ സ്‌പോര്‍ട്ടി ഭാവമായിരിക്കും ഈ വേരിയന്റിന്. അഗ്രസീവ് ഭാവമുള്ള ബംബറും ഗ്രില്ലുമായിരിക്കും ലെജന്‍ഡറിനെ വ്യത്യസ്തമാക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയി വീല്‍, വീല്‍ ആര്‍ച്ച്, അഴിച്ചുപണിത ടെയില്‍ ഗേറ്റ്, ലൈറ്റുകള്‍ തുടങ്ങിയവയും 2021 ഫോര്‍ച്യൂണറിനെ സ്‌റ്റൈലിഷാക്കും. 

ഇന്റീരിയര്‍ സംബന്ധിച്ചുള്ള സൂചനകള്‍ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആഡംബരത്തില്‍ ഒട്ടും വിട്ടുവീഴ്ച്ച വരുത്തിയേക്കില്ല. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ പുതുമയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍ മോഡലിലേത് തുടരും. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് എന്നിവയും നല്‍കും.

2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലായിരിക്കും പുതിയ ഫോര്‍ച്യൂണര്‍ നിരത്തിലെത്തുക. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ മോഡല്‍ 166 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഫോര്‍ച്യൂണറിലുണ്ട്. GX, GXL, ലെജന്‍ഡര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ഫോര്‍ച്യൂണര്‍ പ്രതീക്ഷിക്കാം.

Content Highlights: 2021 Toyota Fortuner Will Launch On January 6