ടാറ്റയുടെ ജനപ്രിയ മോഡലുകളെ കൂടുതല്‍ ഡ്രൈവിങ്ങ് സൗഹാര്‍ദമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. പുതുവര്‍ഷത്തില്‍ പുത്തന്‍ സംവിധാനങ്ങളോടെ ഈ മോഡലുകള്‍ നിരത്തിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. ഇതിന്റെ ഭാഗമായി ടാറ്റയുടെ പോപ്പുലര്‍ മോഡലായ നെക്‌സോണില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

അവതരിപ്പിക്കുന്നതിന് മുമ്പായുള്ള പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ പതിഞ്ഞ നെക്‌സോണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പൂനെയിലാണ് 2021 നെക്‌സോണിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നത്. നെക്‌സോണിന് പുറമെ, ടാറ്റയുടെ പ്രീമിയം എസ്.യു.വി മോഡലായ അല്‍ട്രോസിലും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.

ഏഴ് സ്പീഡ് ഡി.ടി-1 ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇരു മോഡലുകളിലും നല്‍കുകയെന്നാണ് വിവരം. നിലവില്‍ നെക്‌സോണില്‍ നല്‍കിയിട്ടുള്ള ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനെക്കാള്‍ മികച്ച പ്രകടനം ഡി.സി.ടി. നല്‍കും. ഇതിനുപുറമെ, പരമ്പരാഗത ഡി.സി.ടിയെക്കാളും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളെക്കാളും പരിമിതമായ വിലയില്‍ ഇത് ലഭ്യമാക്കാനും ശ്രമിക്കും.

200 എന്‍.എം. വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കായാണ് ടാറ്റ ഈ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ വികസിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലുകള്‍ക്കാണ് ഈ ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നത്. നിലവില്‍ 119 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമാണ് നെക്‌സോണ്‍ ഉത്പാദിപ്പിക്കുന്നത്. ഈ ട്രാന്‍സ്മിഷന്‍ നല്‍കുന്നതോടെ ടോര്‍ക്ക് 260 എന്‍.എം. ആയി ഉയര്‍ത്തിയേക്കും. 

ട്രാന്‍സ്മിഷനിലും എന്‍ജിനിലും പുതുമ വരുത്തുന്നുണ്ടെങ്കിലും ലുക്കില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഡി.സി.ടിയിലേക്ക് മാറുന്നതോടെ വിലയില്‍ ഒരു ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ പെട്രോള്‍ മോഡലിന്‌ 6.99 ലക്ഷം രൂപ മുതല്‍ 11.34 ലക്ഷം രൂപ വരെയും ഡീസലിന് 8.44 ലക്ഷം രൂപ മുതല്‍ 12.70 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ ഷോറും വില.

Content Highlights: 2021 Tata Nexon Will Get Dual Clutch Transmission