ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പ്രീമിയം സെഡാന്‍ മോഡലായ സൂപ്പര്‍ബ് കൂടുതല്‍ ഫീച്ചറുകളുമായി വീണ്ടും അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന 2021 സ്‌കോഡ സൂപ്പര്‍ബിന് യഥാക്രമം 31.99 ലക്ഷം രൂപ മുതല്‍ 34.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഏതാനും മാസങ്ങള്‍ മുമ്പാണ് സൂപ്പര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിരുന്നത്.
സ്റ്റൈലിഷായ ഡിസൈന്‍, ആഡംബര തുളുമ്പുന്ന അകത്തളം, മികച്ച സ്‌പെയ്‌സ് തുടങ്ങിയ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ആഡംബര വാഹന പ്രേമികളുടെ ഇഷ്ടവാഹനമായി സ്‌കോഡ സൂപ്പര്‍ബ് മാറിയിട്ടുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മേധാവി സാക് ഹോളീസ് അഭിപ്രായപ്പെട്ടു. ഫീച്ചര്‍ സമ്പന്നമായ സൂപ്പര്‍ബ് വീണ്ടും ആത്യാധുനിക ഫീച്ചറുകള്‍ നല്‍കിയാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
പുതിയ അഡാപ്റ്റീവ് ഹെഡ്‌ലാമ്പാണ് 2021 സൂപ്പര്‍ബിന്റെ എക്സ്റ്റീരിയറിലെ പ്രധാന സവിശേഷത. സ്പീഡ്, കാലാവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് പ്രകാശത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ഹെഡ്‌ലാമ്പാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സിറ്റി, ഇന്റര്‍-സിറ്റി, മോട്ടോര്‍വേ, റെയില്‍ തുടങ്ങിയ മോഡുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡി. ഇന്റിക്കേറ്ററുകളും ഹെഡ്‌ലാമ്പിനൊപ്പം സ്റ്റാന്റേഡ് ഫീച്ചറായി സൂപ്പര്‍ബില്‍ നല്‍കിയിട്ടുണ്ട്.
വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും കൂടുതല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് അകത്തളത്തിലെ പ്രത്യേകത. പ്രോക്‌സിമിറ്റി സെന്‍സറുകളുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ഇന്‍ ബില്‍റ്റ് നാവിഗേഷനും ഒരുങ്ങിയിട്ടുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. വോയിസ് കമാന്റിനൊപ്പം ടൈപ്പ് സി യു.എസ്.ബി. പോര്‍ട്ടും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
സ്‌പോര്‍ട്ട്‌ലൈന്‍ വേരിയന്റില്‍ മൂന്ന് സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീലും ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റ് നല്‍കിയുള്ള അല്‍കന്റാര സീറ്റുകളുമാണുള്ളത്. അതേസമയം, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് പതിപ്പില്‍ രണ്ട് സ്‌പോക്ക് സ്റ്റിയറിങ്ങ് വീലാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ബിന്റെ ഹൃദയം. ഇത് 187 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
Content Highlights: 2021 Skoda Superb Launched With Hi Tech Features