കൈഗര്‍ എന്ന കോംപാക്ട് എസ്.യു.വിയുടെ വരവ് വരെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചിരുന്ന മോഡലാണ് ട്രൈബര്‍ എന്ന എം.പി.വി. അവതരിപ്പിച്ച ഇതുവരെ 75,000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഏഴ് സീറ്റര്‍ വാഹനമെന്ന പേരില്‍ വലിയ ജനപ്രീതി സ്വന്തമാക്കിയ ഈ വാഹനത്തിന്റെ 2021 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെനോ ഇന്ത്യ. 

ലുക്കിലും ഫീച്ചറുകളിലും അല്‍പ്പം മാറ്റങ്ങളുമായാണ് 2021 ട്രൈബര്‍ എത്തിയിട്ടുള്ളത്. 2021 മോഡല്‍ ട്രൈബറിന്റെ അടിസ്ഥാന മോഡലായ RXE വേരിയന്റിന് 5.30 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന വകഭേദമായ RZX എ.എം.ടി. മോഡലിന് 7.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. അടിസ്ഥാന വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 

എല്ലാ നിറങ്ങളിലും ഡ്യുവല്‍ ടോണ്‍ മോഡല്‍ ഒരുങ്ങുന്നതാണ് രണ്ടാം വരവിലെ പ്രത്യേകതകളിലൊന്ന്. സെഡാര്‍ ബ്രൗണ്‍ എന്ന പുതിയ നിറവും ഈ വരവില്‍ അവതരിപ്പിക്കുന്നുണ്ട്. സൈഡ് മിററില്‍ ഇന്റിക്കേറ്ററും ഈ വരവിലെ പുതുമയാണ്. ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍, ഗ്രില്ല്, ബമ്പര്‍ തുടങ്ങിയവ മുന്‍ മോഡലില്‍ നിന്ന് പറിച്ച് നട്ടിട്ടുള്ളവയാണ്. പിന്‍വശത്തും മാറ്റം വരുത്തിയിട്ടില്ല.

മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് അകത്തളത്തിലെ പ്രധാന പുതുമ. ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ്, എല്ലാ നിരയിലും നല്‍കിയിട്ടുള്ള ഉയര്‍ന്ന സീറ്റിങ്ങ് സ്‌പേസ് എന്നിവ അകത്തളത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. മൂന്നാം നിരയില്‍ കുട്ടികള്‍ക്കായുള്ള സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ സീറ്റുകള്‍ മടക്കിയാല്‍ 625 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ലഭ്യമാകുന്നത്. 

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇത്തവണയും ട്രൈബര്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 70 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തിലെ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കും.

Content Highlights: 2021 Renault Triber MPV Launched In India