ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ എസ്.യു.വി. മോഡലായ ടിഗ്വാന്‍ ഓള്‍സ്‌പേസിന്റെ മുഖം മിനുക്കിയ പതിപ്പ് മെയ് 12-ന് ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി പുതിയ പതിപ്പിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ പുറത്തുവിട്ടാണ് ഫോക്‌സ്‌വാഗണ്‍ പുതിയ ടിഗ്വാന്‍ ഓള്‍സ്‌പേസിന്റെ വരവ് അറിയിച്ചിരിക്കുന്നത്. 

ഡിസൈനില്‍ വരുത്തിയ നേരിയ മാറ്റങ്ങളും ഫീച്ചറുകളില്‍ നല്‍കിയിട്ടുള്ള പുതുമയുടെയും അകമ്പടിയിലാണ് 2021 ടിഗ്വാന്‍ ഓള്‍സ്‌പേസ് നിരത്തുകളില്‍ എത്തുന്നത്. 2020-ലാണ് ഏഴ് സീറ്റര്‍ എസ്.യു.വിയായി ടിഗ്വാന്‍ ഓള്‍ സ്‌പേസ് എന്ന പേരില്‍ ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഓഫ് റോഡ് കപ്പാസിറ്റിയോടെ എത്തിയിട്ടുള്ള ഈ വാഹനത്തിന് മികച്ച സ്വീകാര്യതയാണുള്ളത്. 

ഇന്ത്യയില്‍ എത്താനൊരുങ്ങുന്ന പുതിയ ടിഗ്വാന്‍  അഞ്ച് സീറ്റര്‍ പതിപ്പുമായി ഡിസൈന്‍ ശൈലി പങ്കിട്ടാണ് 2021-ടിഗ്വാന്‍ ഓള്‍സ്‌പേസ് എത്തുന്നത്. മാട്രിക്‌സ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള മുന്നിലേയും പിന്നിലേയും ബമ്പറുകള്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ്, ആകര്‍ഷമായ ഡിസൈന്‍ നല്‍കിയിട്ടുള്ള അലോയി വീലുകള്‍ എന്നിവയാണ് പ്രധാനമായ പുതുമകള്‍. 

അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍ മുന്‍ മോഡലിലേത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍നിര സീറ്റുകള്‍, ആംബിയന്റ് ലൈറ്റിനുള്ളുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. 

വിദേശ നിരത്തുകള്‍ ഈ വാഹനം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എത്തുന്നത്. ഇത് 190 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഇതിലുണ്ട്. 

Content Highlights: 2021 Model Volkswagen Tiguan Allspace To Be launched On 12 May