ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള പ്രീമിയം സെഡാന്‍ വാഹനമായ 5 സീരീസിന്റെ 2021 പതിപ്പ് വരവിനൊരുങ്ങി. ആഗോള വിപണികളില്‍ സാന്നിധ്യമായി മാറിയ ഈ വാഹനം ജൂണ്‍ 24-ന് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ ഏറെ സ്വീകാര്യത സ്വന്തമാക്കിയിട്ടുള്ള മോഡലാണ് 5 സീരീസ്.

ലുക്കിലും ഫീച്ചറുകളിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ 5സീരീസ് വരവിനൊരുങ്ങിയിട്ടുള്ളത്. എന്നാല്‍, എന്‍ജിന്‍ മുന്‍ മോഡലിലേത് തുടര്‍ന്നേക്കുമെന്നാണ് വിവരം. ഔഡി A6, ജാഗ്വാര്‍ XF, മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസ്, വോള്‍വോ S90 എന്നീ വാഹനങ്ങളായിരിക്കും ഇന്ത്യയില്‍ 5 സീരീസിന്റെ എതിരാളികള്‍. അവതരണ വേളയിലായിരിക്കും പുതിയ 5 സീരീസിന്റെ വില വെളിപ്പെടുത്തുക. 

ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചറായ കിഡ്‌നി ഗ്രില്ലായിരിക്കും ഇതിലും നല്‍കുക. എന്നാല്‍, മുന്‍ മോഡലിലേതിനെക്കാള്‍ വലിപ്പമുള്ളതായിരിക്കും. അഴിച്ച് പണിതിട്ടുള്ള ഗ്രില്ല്, സിംഗിള്‍ ഫ്രെയിം ഡിസൈനിലുളള പുതിയ ബമ്പര്‍ എന്നിവ മുഖഭാവത്തിലെ ഡിസൈനിലെ മാറ്റങ്ങളാകും. ഉയര്‍ന്ന വേരിയന്റില്‍ ലേസര്‍ ലൈറ്റ് ഹെഡ്‌ലാമ്പുകള്‍ നല്‍കിയേക്കും. എല്‍-ഷേപ്പിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍. മുഖഭാവത്തിന്റെ മാറ്റ് കൂട്ടും.

5 സീരീസിന്റെ എല്ലാ വേരിയന്റുകളിലും 10.3 ഇഞ്ച് വലിപ്പമുള്ള ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം സ്ഥാനം പിടിക്കും. പുര്‍ണമായും പുതുക്കി പണിത ഡാഷ്‌ബോര്‍ഡ്, ഗ്ലോസ് ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍, ലോവര്‍ ക്ലൈമറ്റ് ഡിസ്‌പ്ലേ, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവ പുതിയ 5 സീരീസിന്റെ അകത്തളത്തെ അലങ്കരിക്കും.

ഈ വരവിനും 5സീരീസിലെ എന്‍ജിനില്‍ മാറ്റം വരുത്തുന്നില്ല. 530i-യില്‍ 244 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 520d-യില്‍ 118 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 530d-യില്‍ 257 ബി.എച്ച്.പി. പവറും 690 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുടരും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും മൂന്നിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: 2021 Model BMW 5 Series Premium Sedan To Be Launched On June 24