ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ വര്‍ഷം തോറുമുള്ള മുഖം മിനുക്കലിനും പുത്തന്‍ മോഡലുകള്‍ എത്തിക്കുന്നതുമായ കീഴ്‌വഴക്കത്തിന് മുടക്കം സംഭവിച്ചത് കോവിഡ് എന്ന മഹാമാരിയുടെ വരവോടെയാണ്. എന്നാല്‍, കോവിഡ് ഭീതി അല്‍പ്പം കുറഞ്ഞതിന് പിന്നാലെ നിലവിലെ വാഹനങ്ങളുടെ മുഖം മിനുക്കുന്ന തിരക്കിലാണ് ലാന്‍ഡ് റോവര്‍. ഇതിന്റെ ഭാഗമായി ഇവോക് എസ്.യു.വിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. 

സ്മാര്‍ട്ട് ഡിസൈന്‍ ശൈലിക്കൊപ്പം ആധുനിക ഫീച്ചറുകളുടെയും അകമ്പടിയിലാണ് റേഞ്ച് റോവര്‍ ഇവോക്കിന്റെ 2021 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. എസ്, ആര്‍ ഡൈനാമിക് എസ്.ഇ. എന്നീ രണ്ട് വേരിയന്റുകളില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള പുതിയ ഇവോക്കിന് 64.12 ലക്ഷം രൂപ മുതലാണ്  ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഇവോക്കിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

ലാന്‍ഡ് റോവര്‍ വെലാറില്‍ തുടങ്ങിവെച്ച പുതിയ ഡിസൈന്‍ ശൈലി പിന്തുര്‍ന്നാണ് ഇവോക്കും നിരത്തിലെത്തിച്ചിരിക്കുന്നത്. റേഞ്ച് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, എന്‍.ഇ.ഡി. ഡി.ആര്‍.എല്‍ നല്‍കിയുള്ള നേര്‍ത്ത ഹെഡ്‌ലാമ്പ്, എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയുള്ള ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖസൗന്ദര്യം ഒരുക്കുന്നത്. കാഴ്ചയില്‍ മുന്‍ മോഡലിനോട് സമാനമാണ് 2021 ഇവോക്കും.

അകത്തും പുറത്തുമായി ഒരുപിടി ഫീച്ചറുകളാണ് ഈ വരവിലെ ഹൈലൈറ്റ്. 3ഡി സറൗണ്ട് ക്യമാറ, പി.എം. 2.5 ഫില്‍റ്ററുള്ള ക്യാബിന്‍ എയര്‍ ഐയോണൈസേഷന്‍, സിഗ്നല്‍ ബൂറ്റര്‍ സംവിധാനത്തിനൊപ്പം വയര്‍ലെസ് ചാര്‍ജര്‍, ലാന്‍ഡ് റോവറിന്റെ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ഒരുങ്ങിയിട്ടുള്ള ക്യാബിന്‍ എന്നിവയാണ് പുതുതായി സ്ഥാനം പിടിച്ച ഫീച്ചറുകള്‍.

ലാന്‍ഡ് റോവറിന്റെ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഇവോക്കിന് കരുത്തേകുന്നത്. ഇതിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 247 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 201 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമേകും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനൊപ്പവുമുള്ള ട്രാന്‍സ്മിഷന്‍.

Content Highlights: 2021 Land Rover Range Rover Evoque Launched In India