ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ എസ്.യു.വി. മോഡലായ ഡിസ്‌കവറിയുടെ 2021 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വലിയ മാറ്റങ്ങളുമായെത്തിയ ഈ ആഡംബര എസ്.യു.വിക്ക് 88.06 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 2020 നവംബറില്‍ ഈ വാഹനം വിദേശ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

മുന്‍ മോഡലില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയുള്ള ഡിസൈന്‍, പുത്തന്‍ സാങ്കേതികവിദ്യ, എന്‍ജിനില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവയുമായാണ് 2021 ഡിസ്‌കവറി ഇന്ത്യന്‍ വിപണിയില്‍ ചേക്കേറിയിരിക്കുന്നത്. ബി.എം.ഡബ്ല്യു X5, വോള്‍വോ XC90, ഔഡി Q7  തുടങ്ങിയ ആഡംബര എസ്.യു.വികളുമായാണ് ഇന്ത്യന്‍ നിരത്തുകളില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഏറ്റുമുട്ടലിനൊരുങ്ങുന്നത്.

അടുത്തിടെ മുഖം മിനുക്കിയ ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ കാര്യമായ ഡിസൈന്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍ ഈ വാഹനം തികച്ചും പുതിയ ലുക്കിലാണ് എത്തിയിട്ടുള്ളത്. ഡിസൈന്‍ മാറ്റം വരുത്തിയ ഗ്രില്ല്, മാട്രിക്‌സ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍., എയര്‍ വെന്റുകള്‍ നല്‍കിയുള്ള പുതിയ ബമ്പര്‍, ക്യാംഷെല്‍ ബോണറ്റ് തുടങ്ങിയവയാണ് മുഖഭാവത്തിന് അഴകേകുന്നത്. 

Land Rover Discovery

പിന്‍ഭാഗത്തും കാര്യമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. മൂന്നാം നിരയിലെ ഗ്ലാസ് റൂഫിലേക്ക് കൂടുതല്‍ കയറിയാണ് നല്‍കിയിട്ടുള്ളത്. പുതിയ ഡിസൈനില്‍ എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റ്, ഗ്ലോസി ബ്ലാക്ക് പാനലില്‍ നല്‍കിയിട്ടുള്ള ഡിസ്‌കവറി ബാഡ്ജിങ്ങും നമ്പര്‍ പ്ലേറ്റും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ പിന്‍വശത്ത് വരുത്തിയിട്ടുളള പതുമകള്‍. 

ഒ.ടി.എ. അപ്‌ഡേറ്റുകളുള്ള പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കിയിട്ടുള്ളത്. മുന്‍ മോഡലില്‍ നല്‍കിയിരുന്നതിനെക്കാള്‍ വലിപ്പമുള്ള 11.4 ഇഞ്ച് എച്ച്.ഡി. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇതിലുള്ളത്. 3D മാപ്പിങ്ങ് ഉള്‍പ്പെടെയുള്ള 12.3 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോള്‍, ക്യാബിന്‍ എയര്‍ എയോണൈസേഷന്‍ തുടങ്ങിയ സംവിധാനങ്ങളും ക്യാബിനില്‍ ഒരുക്കിയിട്ടുണ്ട്. 

2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ ഡിസ്‌കവറിയും എത്തുന്നത്. പി300 ഇഞ്ചനീയം പെട്രോള്‍ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കും, പി360 എന്‍ജിന്‍ 355 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കും, ഡി300 എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: 2021 Land Rover Discovery Launched In India