മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന് ഇന്ത്യയില്‍ രണ്ടാം വരവ് സമ്മാനിച്ച മോഡലാണ് കോംപസ് എന്ന എസ്.യു.വി. ഇന്ത്യക്കാര്‍ ഏറ്റെടുത്ത ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് എത്താനൊരുങ്ങുകയാണ്. ഈ മോഡലിന്റെ വരവ് അറിയിക്കുന്ന ടീസര്‍ ജീപ്പ് പുറത്തുവിട്ടു. ബോളിവുഡ് നടന്‍ സോനു സൂദ് കോംപസിന്റെ ടീസറിലുള്ളത്. 

'സാധാരണക്കാരന് ആയിരക്കണക്കിന് ആളുകളെ വീട്ടിലെത്തിക്കാന്‍ സഹായിക്കാന്‍ കഴിയില്ല, ലിവ് ലെജന്‍ഡറി' എന്ന് എഴുതിയിട്ടുള്ള പോസ്റ്ററുമായി സോനു സൂദ് മുഖം മിനുക്കിയ പുതിയ ജീപ്പ് കോംപസിന് സമീപം നില്‍ക്കുന്ന ചിത്രമാണ് ജീപ്പ് ഇന്ത്യ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ടീസറിലുള്ളത്. 2021 ആദ്യം പുതിയ കോംപസ് എത്തുമെന്നാണ് സുചന.

ഡിസൈനില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയെത്തുന്ന പുതിയ കോംപസിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എക്സ്റ്റീരിയര്‍ മുന്‍ മോഡലിനെക്കാള്‍ സ്‌റ്റൈലിഷാക്കുകയും ഇന്റീരിയര്‍ കൂടുതല്‍ പ്രീമിയമായുമാണ് കോംപസിന്റെ പുതിയ മോഡല്‍ എത്തുന്നത്. ഗ്രീന്‍ കളര്‍ സ്‌കീമാണ് പുതിയ കോംപസിനെ ആദ്യ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. 

ഹണികോംമ്പ് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള ഏഴ് സ്ലാറ്റ് ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍., സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള പുതിയ ബംമ്പര്‍, വലിയ എയര്‍ഡാം, രൂപമാറ്റം വരുത്തിയ ഫോഗ് ലാമ്പ്, അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് പുതിയ കോംപസിന്റെ എക്‌സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള പുതുമകള്‍. 

10.1 ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തളത്തിന് പുതുമയേകുന്നു. ഇതില്‍ ആമസോണ്‍, അലക്‌സ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്.സി.എയുടെ യുകണക്ട് 5 സാങ്കേതികവിദ്യയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നല്‍കിയിട്ടുള്ളത്. 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇതില്‍ നല്‍കിയിട്ടുണ്ട്.

മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ കോംപസിന് കരുത്തേകുന്നത്. രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടരും. പെട്രോള്‍ മോഡലില്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചും ഡീസല്‍ മോഡലില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കും നല്‍കിയേക്കും.

Content Highlights: 2021 Jeep Compass New Teaser Released; Film Actor Sonu Sood