ന്ത്യയിലെ ഓഫ് റോഡ് യാത്രക്കാരുടെ ഇഷ്ടവാഹനമായിരുന്ന ഥാറിനെ വെല്ലുവിളിച്ചാണ് ഫോഴ്‌സിന്റെ ഗുര്‍ഖ എന്ന എസ്‌യുവിയുടെ പിറവി. പരുക്കന്‍ ഭാവത്തില്‍ ശക്തമായ കരുത്തില്‍ എത്തിയിരുന്ന ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് വീണ്ടും നിരത്തുകളിലെത്തുന്നു. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ ഈ വാഹനം വൈകാതെ നിരത്തുകളിലെത്തുമെന്ന് സൂചന.

ഏപ്രില്‍ മാസത്തില്‍ ഗുര്‍ഖ എത്തുമെന്നായിരുന്ന മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, കൊറോണ മഹാമാരിയേയും അതേതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിലും വരവ് നീളുകയായിരുന്നു. വരവിന് മുന്നോടിയായി ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആദ്യ മോഡലിനെക്കാള്‍ കരുത്തനായിരിക്കും വരാനിരിക്കുന്നതെന്നാണ് വിവരം.

പരുക്കന്‍ ഭാവം നിലനിര്‍ത്തി കൂടുതല്‍ സ്റ്റൈലിഷായാണ് ഗുര്‍ഖയുടെ പുതിയ മോഡല്‍ എത്തുക. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മെഴ്‌സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംമ്പറുകള്‍ എന്നിവയാണ് രണ്ടാം വരവിലെ പുതുമ.

രണ്ടാം വരവിലെ പുതുമ അകത്തലത്തിലേക്കും നീളുന്നതാണ്. പുതിയ രൂപകല്‍പ്പനയിലുള്ള ഡാഷ്‌ബോര്‍ഡ്, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റിനും എയര്‍വെന്റുകള്‍ക്കും രൂപമാറ്റം വരുത്തിയിട്ടുണ്ട്. മുന്നിലേക്കുള്ള നാല് സീറ്റുകള്‍. കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സുരക്ഷയൊരുക്കാന്‍ എയര്‍ബാഗും സെന്‍സറുകളുമെല്ലാം ഇന്റീരിയറിന് മികവേകും.

നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ബിഎസ്-4 എന്‍ജിനെക്കാള്‍ അഞ്ച് ബിഎച്ച്പി അധിക കരുത്ത് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം പുതിയ മോഡലിലും നല്‍കുന്നുണ്ട്. വില നിലവിലെ മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപ ഉയരുമെന്നും സൂചനയുണ്ട്.

Content Highlights: 2020 Model Force Gurkha SUV Launch Soon