-
അഭ്യൂഹങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായി കിടലന്‍ ലുക്കില്‍ മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിച്ചു. മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡല്‍ ജീപ്പ് റാങ്ക് ളറിനോട് ഏറെ സാമ്യമുള്ളതാണ്. എഎക്‌സ്, എല്‍എക്‌സ് എന്നീ രണ്ട് സീരീസുകളിലെത്തുന്ന പുതിയ ഥാര്‍ ഒക്ടബോര്‍ രണ്ട് മുതല്‍ നിരത്തിലെത്തി തുടങ്ങുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
മുന്‍തലമുറ ഥാര്‍ പോലെയല്ല പുതിയ മോഡല്‍. കാഴ്ചയില്‍ തന്നെ അല്‍പ്പം വലിയ വാഹനമാണ്. മുഖഭാവം പൂര്‍ണമായും അഴിച്ചുപണിതിട്ടുണ്ട്. വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍ എന്നിവയാണ് മുന്‍വശം.
വശങ്ങള്‍ക്ക് ആഡംബര വാഹനങ്ങളുടെ പ്രൗഡിയാണുള്ളത്. ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, മികച്ച ഡിസൈനിലുള്ള സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, അലോയി വീല്‍ എന്നിവയാണ് വശങ്ങളിലുള്ളത്. മുന്നിലേതിന് സമാനമായ ബംമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്‌റ്റെപ്പിന് ടയര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

മുന്‍തലമുറ മോഡലുമായി തട്ടിച്ച് നോക്കിയാല്‍ അകത്തളം കൂടുതല്‍ പ്രീമിയമാണ്. മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെയാണ് സെന്റര്‍ കണ്‍സോള്‍. ഗിയര്‍ ലിവറും, ഡ്രൈവ് മോഡിന്റെ ലിറവും, ഹാന്‍ഡ് ബ്രേക്കും, പവര്‍ വിന്‍ഡോ കണ്‍ട്രോള്‍ യൂണിറ്റുമാണ് മുന്‍നിര സീറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ളത്.
എക്‌സ്‌യുവി 300ല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് ഥാറിലും. ഡോര്‍ പാനലിന്റെ വശങ്ങളില്‍ സില്‍വര്‍ സ്ട്രിപ്പില്‍ ഥാര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. പിന്‍നിരയിലും മുന്നിലേക്ക് ഫെയ്‌സ് ചെയ്തിട്ടുള്ള സീറ്റുകളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഹെഡ് റെസ്റ്റ് ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍ സീറ്റാണ് പിന്നില്‍.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലുമെത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: 2020 Mahindra Thar Unveiled; New Generation Mahindra Thar Launched In India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..