ബിഎസ്-6 നിലവാരത്തിലേക്ക് മാറില്ലെന്ന് അഭ്യൂഹങ്ങള്‍ കാറ്റില്‍പറത്തി ഹോണ്ട ഗ്രാസിയ 125-ന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഉയര്‍ന്ന ഇന്ധനക്ഷമതയും കൂടുതല്‍ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ഇത്തവണ ഗ്രാസിയയുടെ വരവ്. സ്റ്റാന്റേഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ബിഎസ്-6 ഗ്രാസിയയ്ക്ക് 73.336 രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 11,000 രൂപ വില ഉയര്‍ത്തിയാണ് ഈ വരവ്. 

125 സി.സി കരുത്തുള്ള പി.ജി.എം.-എഫ്1 എച്ച്.ഇ.ടി. (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ സംവിധാനങ്ങളുള്ള എന്‍ജിനാണ് ഇത്തവണ ഈ വാഹനത്തിന്റെ സവിശേഷത. ഈ എന്‍ജിന്‍ 8.29 ബിഎച്ച്പി പവറും 10.3 എന്‍എം ടോര്‍ക്കുമേകും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്‌റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പാക്കും. സിവിടിയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

മുന്‍ മോഡലില്‍ നിന്ന് ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങളും പുതിയ ഗ്രാസിയയില്‍ നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, ഡിയോയില്‍ നിന്ന് കടമെടുത്ത എല്‍ഇഡി ഡിആര്‍എല്‍, പാസ് ലൈറ്റ്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ബാര്‍ ടൈപ്പ് ടാക്കോ മീറ്റര്‍, ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് എക്കോ ഇന്റിക്കേറ്റര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും ഇത്തവണ ഗ്രാസിയയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

1812 എംഎം നീളവും 697 എംഎം വീതിയും 1146 എംഎം ഉയരവും 1260 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 155 എംഎം. 107 കിലോഗ്രാമാണ് ആകെ ഭാരം. മുന്നില്‍ 12 ഇഞ്ച് വലിപ്പമുള്ള ടയറും പിന്നില്‍ 10 ഇഞ്ച് വലിപ്പമുള്ള ടയറുമാണുള്ളത്. ഓപ്ഷണലായി അലോയി വീല്‍ തിരഞ്ഞെടുക്കാം. 190 എംഎം ഡിസ്‌ക് ബ്രേക്കും 130 എംഎം ഡ്രം ബ്രേക്കുമാണ് ഈ വാഹനത്തില്‍ സുരക്ഷ ഒരുക്കുന്നത്. മൂന്നു വര്‍ഷത്തെ എക്‌സ്റ്റെന്‍ഡഡ് വാറന്റി ഉള്‍പ്പെടെ ആറു വര്‍ഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

Content Highlights: 2020 Honda Grazia Launched With BS6 Engine