ടൊയോട്ടയുടെ അഭിമാന മോഡലുകളായ ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. പുറംമോടയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും അകത്തളത്തില്‍ മികച്ച മാറ്റങ്ങളൊരുക്കിയാണ് ഈ രണ്ട് വാഹനങ്ങളും എത്തിയിട്ടുള്ളത്. 

നിലവിലെ കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഹീറ്റ് റിജക്ഷന്‍ ഗ്ലാസാണ് ഇത്തവണത്തെ മാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. ഇതിന് പുറമെ, ക്രിസ്റ്റയുടെ തിരഞ്ഞെടുത്ത മോഡലുകളില്‍ ലെതര്‍ ആവരണമുള്ള ഡാഷ്‌ബോര്‍ഡ്, ലെതര്‍ സീറ്റ്, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിങ് എന്നീ സംവിധാനങ്ങളും ഒരിക്കിയിട്ടുണ്ട്.

ഇന്നോവ ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡീഷന്‍ മോഡലായിരുന്ന ടൂറിങ് സ്‌പോര്‍ട്ടിലും ചൂടിനെ പ്രതിരോധിക്കുന്ന ഹീറ്റ് റിജക്ഷന്‍ ഗ്ലാസും ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി സ്ലോട്ടും നല്‍കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 

ഓപ്ഷണലായി തിരഞ്ഞെടുക്കാവുന്ന പുതിയ ഇന്റീരിയര്‍ കളറും പെര്‍ഫോറേറ്റഡ് സീറ്റുകളും ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകളുമാണ് ഫോര്‍ച്യൂണറിലെ മാറ്റം. 4×2 ഓട്ടോമാറ്റിക്, 4×4 മാനുവല്‍,  4×4 ഡീസല്‍ എന്നീ വേരിയന്റുകളിലാണ് ഇത് നല്‍കിയിട്ടുള്ളത്. 

ഇന്റീരിയറിലെ മാറ്റങ്ങളൊഴിച്ചാല്‍ ക്രിസ്റ്റയിലും ഫോര്‍ച്യൂണറിലും മെക്കാനിക്കലായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ക്രിസ്റ്റയില്‍ 2.7 പെട്രോള്‍, 2.4, 2.8 ഡീസല്‍ എന്‍ജിനുകളും ഫോര്‍ച്യൂണറില്‍ 2.7 പെട്രോള്‍ എന്‍ജിനും 2.8 ഡീസല്‍ എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്. 

കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയതിനൊപ്പം വിലയിലും നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. ക്രിസ്റ്റയ്ക്ക് 14.93 ലക്ഷം മുതല്‍ 22.43 ലക്ഷവും ഫോര്‍ച്യൂണറിന് 18.92 ലക്ഷം മുതല്‍ 23.47 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

Content Highlights: 2019 Toyota Fortuner and Innova Launched, Get New Features