ടാറ്റയുടെ എസ്‌യുവി മോഡലായ ഹെക്‌സ പുത്തന്‍ ഡിസൈന്‍ ശൈലിയില്‍ എത്തുന്നെന്ന് കഴിഞ്ഞ മാസം നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും പുതിയ ഹെക്‌സ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി.

ടാറ്റയുടെ എല്ലാ മോഡലുകളും ഏറെ സ്‌റ്റൈലിഷായതിന് പിന്നാലെയാണ് ഹെക്‌സയും മാറ്റത്തിന് വിധേയമായത്. ഡ്യുവല്‍ ടോണ്‍ നിറം, പുതിയ അലോയി എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് മോടിപിടിപ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. 

ടാറ്റ ഹെക്സയുടെ ടോപ്പ് എന്‍ഡ് മോഡലുകളായ XT, XT 4X4, XTA എന്നീ വേരിയന്റുകളില്‍ അഞ്ച് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ഒരുക്കിയയും XTA വേരിയന്റില്‍19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും XT, XT 4X4 എന്നീ മോഡലുകളില്‍ 17 ഇഞ്ച് അലോയി വീലും നല്‍കിയതാണ് പ്രധാന പുതുമ.

കൂടാതെ പ്രൊജക്ടര്‍ ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലാംപ്സും മുന്‍ ഭാഗത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു. റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ ഈ വാഹനത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. 

ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുകളും സ്റ്റീയറിങ് വീലില്‍ പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും നല്‍കിയതാണ് പ്രധാന മാറ്റം. ഇതിനൊപ്പം പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. മുമ്പ് എട്ട് നിറങ്ങളിലുള്ള മൂഡ് ലൈറ്റ് നല്‍കിയുരുന്നെങ്കില്‍ ഇത്തവണ അത് ഒന്നായി ചുരുങ്ങിയിട്ടുണ്ട്. 

ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനില്‍ വാരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്സയുടെ കരുത്ത്. 4000 ആര്‍.പി.എമ്മില്‍ 148 ബി.എച്ച്.പി കരുത്തും 1500 മുതല്‍ 3000 വരെ ആര്‍പിഎമ്മില്‍ 320 എന്‍.എം ടോര്‍ക്കുമുണ്ട്.

Content Highlights: 2019 Tata Hexa reaches dealerships