ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ മുഖംമിനുക്കിയെത്തുന്ന സൂപ്പര്‍ബ്‌ സെഡാന്റെ പുതിയ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു. വാഹനത്തിന്റെ മുന്‍ഭാഗം ദൃശ്യമാകുന്നതാണ് പുതിയ ഡിസൈന്‍ സ്‌കെച്ച്. നിലവില്‍ 2015-ല്‍ പുറത്തിറങ്ങിയ മൂന്നാംതലമുറ സൂപ്പര്‍ബാണ് നിരത്തിലോടുന്നത്. ഇതില്‍നിന്ന് നിരവധി മാറ്റങ്ങള്‍ സഹിതമാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്. 

സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയലില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഐഐഎച്ച്എഫ് ഐസ് ഹോക്കി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് വേളയിലാണ് പുതിയ സൂപ്പര്‍ബിനെ കമ്പനി അവതരിപ്പിക്കുക. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ പുതിയ സൂപ്പര്‍ബ് ഇന്ത്യയിലുമെത്തും. 

ക്ലീന്‍ കട്ട് ലെന്‍സോടുകൂടി പുതുക്കിപ്പണിത ഹെഡ്‌ലാമ്പ്, പുതിയ ഫോഗ് ലാമ്പ്, തനത് ഗ്രില്ലിലെ കട്ടികൂടിയ ക്രോം സ്ട്രിപ്പ്, പിന്നിലെ ബ്രാന്റ് ലോഗോയ്ക്ക് പകരം സ്‌കോഡ ലെറ്ററിങ്, ഡിസൈന്‍ മാറ്റത്തോടെ ടെയില്‍ ലൈറ്റ് എന്നിവ പുതിയ സൂപ്പര്‍ബിനെ വ്യത്യസ്തമാക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റമുണ്ടാകും. 

സൂചനകള്‍ പ്രകാരം ഇത്തവണ ഹൈബ്രിഡ് വേരിയന്റും സൂപ്പര്‍ബില്‍ നല്‍കും. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളിനൊപ്പമായിരിക്കും ഇലക്ട്രിക് മോട്ടോര്‍. 220 എച്ച്പി റേഞ്ചില്‍ കരുത്ത് പകരുന്നതായിരിക്കും ഈ എന്‍ജിന്‍. ഇതിനൊപ്പം 1.8 ലിറ്റര്‍ പെട്രോളിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും പുതിയ സൂപ്പര്‍ബും തുടര്‍ന്നേക്കും. ഇന്ത്യയിലെത്തുമ്പോള്‍ ഹോണ്ട അക്കോര്‍ഡ്, ഫോക്സ്വാഗണ്‍ പസാറ്റ്, ടൊയോട്ട കാംറി എന്നിവയാണ് സൂപ്പര്‍ബിന്റെ എതിരാളികള്‍.

Content Highlights; Skoda Superb, Superb Facelift, New Superb