റേഞ്ച് റോവര്‍ നിരയിലെ രണ്ടാംതലമുറ ഇവോക്ക് എസ്.യു.വി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടണില്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷമെത്തിയ ലാന്‍ഡ് റോവര്‍ വെലാറിന്റെ ചില ഡിസൈന്‍ ശൈലി പുതിയ ഇവോക്കില്‍ ദൃശ്യമാകും. യുകെ യിലാണ് ഇതിന്റെ ഡിസൈനും നിര്‍മാണവും നടന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനൊപ്പം മില്‍ഡ് ഹൈബ്രിഡില്‍ പുതിയ ഇവോക്ക് ലഭ്യമാകും. 

കൂടുതല്‍ അഗ്രസീവ് രൂപത്തിലാണ് 2019 ഇവോക്ക്. പുതിയ മിക്‌സഡ് മെറ്റല്‍ പ്രീമിയം ട്രാന്‍സ് വേഴ്‌സ് ആര്‍ക്കിടെക്ച്ചറിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. അള്‍ട്രാ സ്ലിം മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, 21 ഇഞ്ച് വീല്‍, വ്യത്യസ്തമായ ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവ ഇവോക്കിനെ വേറിട്ടുനിര്‍ത്തും. കൂടുതല്‍ പ്രീമയമായ ഇന്റീരിയറിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡില്‍ രണ്ട് ടച്ചസ്‌ക്രീന്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്. 

പഴയ ഇവോക്കിനെക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം പുതിയ ഇവോക്കില്‍ ലഭിക്കും. 4371 എംഎം നീളവും 2100 എംഎം വീതിയും 1649 എംഎം ഉയരവും 2681 എംഎം വീല്‍ബേസുമാണ് പുതിയ ഇവോക്കിനുള്ളത്. 610 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, ഇത് മുന്‍മോഡലിനെക്കാള്‍ 10 ശതമാനം കൂടുതലാണ്. പിന്‍സീറ്റ് മടക്കിയാല്‍ 1430 എംഎം ബൂട്ട് സ്‌പേസും ലഭിക്കും. 

2019 Evoque

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനിലാണ് വാഹനം ലഭ്യമാകുക. 148 എച്ച്പി, 178 എച്ച്പി, 237 എച്ച്പി ടര്‍ബോ ഡീസല്‍, 197 എച്ച്പി, 246 എച്ച്പി, 296 എച്ച്പി ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ട്യൂണുകള്‍ ഇവോക്കിനുണ്ട്. 9 സ്പീഡ് ZF ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇവോക്കിന്റെ ഡീസല്‍ ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ മോഡലുകളും ആള്‍വീല്‍ ഡ്രൈവാണ്. ഈ ആള്‍വീല്‍ ഡ്രൈവ് വേരിയന്റില്‍ 48V മില്‍ഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്.

വൈകാതെ ഇവോക്കിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പും വരും. പുതിയ ഇവോക്ക് ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. നിലവില്‍ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി, ഔഡി ക്യു 5, വോള്‍വോ എക്‌സ്.സി 60 എന്നിവയാണ് ഇവിടെ ഇവോക്കിന്റെ എതിരാളികള്‍. 

Content Highlights; 2019 Range Rover Evoque unveiled