രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ  ടൂര്‍ എം മോഡല്‍ പുറത്തിറക്കി. ടാക്‌സി കാര്‍ വിപണി ലക്ഷ്യമിട്ടാണ് എര്‍ട്ടിഗ ടൂര്‍ എമ്മിന്റെ വരവ്. രണ്ടാംതലമുറ എര്‍ട്ടിഗയുടെ അടിസ്ഥാനത്തിലുള്ള എര്‍ട്ടിഗ ടൂര്‍ എമ്മിന് 7.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 

ക്രോം ഗ്രില്‍, ഹാലജന്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഫുള്‍ വീല്‍ കാപ്പ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ എയര്‍കണ്ടീഷ്ണര്‍ വെന്റ്‌സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ നീളുന്നു എര്‍ട്ടിഗ ടൂര്‍ എമ്മിലെ ഫീച്ചേഴ്‌സ്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, 80 കിലോമീറ്ററില്‍ സെറ്റ് ചെയ്ത സ്പീഡ് ലിമിറ്റര്‍ എന്നിവ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കും.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 4400 ആര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 18.18 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കും. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ടൂര്‍ എം ലഭ്യമാവുക. 

Content Highlights; Maruti Suzuki Ertiga Tour M, Ertiga Tour M, Maruti Suzuki