മുഖംമിനുക്കിയ പുതിയ ബലേനോ മാരുതി സുസുക്കി വിപണിലെത്തിച്ചു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് നിരകളിലായി ആകെ 11 വേരിയന്റുകളില്‍ 2019 ബലേനോ ലഭ്യമാകും. പുതിയ ബലേനോ പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

baleno

ഡിസൈനില്‍ അകത്തും പുറത്തും ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ ബലേനോ എത്തിയത്. പുതിയ ബംമ്പര്‍, ത്രീ ഡീ ശൈലിയിലുള്ള പുതിയ ഗ്രില്‍, ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, പുതിയ 16 ഇഞ്ച് അലോയി വീല്‍ എന്നിവ പുറംമോടിക്ക് അഗ്രസീവ് രൂപം നല്‍കും. ബ്ലാക്ക്-ബ്ലൂ ഡ്യൂവല്‍ കളര്‍ സ്‌കീമിലാണ് ഇന്റീരിയര്‍ ഡിസൈന്‍. 7.0 ഇഞ്ച് ടച്ച് സ്‌ക്രീനോടെ പുതിയ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്റഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തുണ്ട്. പേള്‍ ആര്‍ക്റ്റിക് വൈറ്റ്, പ്രീമിയം സില്‍വര്‍, നെക്‌സ ബ്ലൂ, ഓട്ടം ഓറഞ്ച്, ഫൊണിക്‌സ് റെഡ്, മാഗ്ന ഗ്രേ എന്നീ ആറ് നിറങ്ങളില്‍ പുതിയ ബലേനോ സ്വന്തമാക്കാം. 

baleno

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. ട്രാന്‍സ്മിഷനായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം സിവിടി ഗിയര്‍ബോക്സുമുണ്ട്. 

baleno

Content Highlights; 2019 Maruti Suzuki Baleno Facelift Launched In India