ഹാച്ച്ബാക്ക് ഭാവംപൂണ്ട് 2015-ല്‍ നിരത്തിലെത്തിയ വാഹനമാണ് മാരുതിയുടെ ബലേനൊ. ഏറെ സ്റ്റൈലിഷായെത്തിയ ഈ വാഹനം മൂന്ന് വര്‍ഷം പിന്നിട്ടതോടെ വീണ്ടും മുഖം മിനുക്കിയെത്തിയിരിക്കുകയാണ്. കരുത്തില്‍ മാറ്റമില്ലാതെ ലുക്കില്‍ മാത്രം മാറ്റത്തോടെയെത്തിയ പുതിയ ബലേനൊയിലെ പ്രധാന മാറ്റങ്ങള്‍ അറിയാം...

വലിയ ബമ്പര്‍

ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മാറ്റമാണ് ബമ്പറില്‍ വരുത്തിയിട്ടുള്ളത്. പ്രത്യേകം ഡിസൈനുകള്‍ ഒന്നുമില്ലാതെയാണ് പഴയ ബലേനൊയിലെ ബമ്പര്‍ എങ്കില്‍ പുതിയ മോഡലിലേക്ക് വരുമ്പോള്‍ വലിപ്പമേറിയതും രൂപമാറ്റം സംഭവിച്ചിട്ടുള്ളതുമായ ബമ്പറാണ് നല്‍കിയിരിക്കുന്നത്. 

ഫോഗ്‌ലാമ്പ്

പുതിയ ബലേനോയില്‍ വളരെ സുരക്ഷിതമായാണ് ഫോഗ് ലാമ്പ് നല്‍കിയിരിക്കുന്നത്. ബമ്പറിന്റെ വശങ്ങളുടെ മധ്യഭാഗത്തായി ക്ലാഡിങ്ങുകളുടെ അകമ്പടിയോടെ ഇത് സ്ഥാനമുറപ്പിച്ചിരിക്കുന്നു. മുമ്പ് ബമ്പറിന്റെ ഏറ്റവും താഴെയായിരുന്നു ഫോഗ് ലാമ്പ് നല്‍കിയിരുന്നത്. 

റേഡിയേറ്റര്‍ ഗ്രില്ല്

ഗ്രില്ലിന്റെ ഘടനയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍, മുമ്പ് ഹണികോമ്പ് ഡിസൈനില്‍ നല്‍കിയിരുന്ന അപ്പര്‍ ഗ്രില്ലിന്റെ ഡിസൈന്‍ കൂടുതല്‍ സ്റ്റൈലിഷായിട്ടുണ്ട്. വി ഷേപ്പില്‍ നല്‍കിയിരുന്ന ക്രോമിയം സ്ട്രിപ്പ് നിലനിര്‍ത്തിയിട്ടുണ്ട്.

Baleno
Image: IndianAutosBlog

ഹെഡ്‌ലൈറ്റ്

കറുപ്പ് പുതച്ചെത്തിയ ഹെഡ്‌ലൈറ്റ് പുതിയ ബലേനോയുടെ ഭംഗി വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് എച്ച്‌ഐഡി പ്രൊജക്ഷന്‍ ലൈറ്റ് നല്‍കിയിരുന്ന സ്ഥാനത്ത് ഇത്തവണ എല്‍ഇഡി ലാമ്പാണ് നല്‍കിയിട്ടുള്ളത്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി പ്രൊജക്ഷന്‍ ലൈറ്റിന് ചുറ്റും ബ്ലാക്ക് ഫിനീഷിങ് നല്‍കിയിട്ടുണ്ട്. 

ഡ്യുവല്‍ ടോണ്‍ അലോയി

ബലേനൊയുടെ പ്രധാനമാറ്റമായി എടുത്ത് പറയുന്നത് പുതിയ അലോയി വീലുകളാണ്. ബ്ലാക്ക് ആന്‍ഡ് സില്‍വല്‍ ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാണ് പുതുതലമുറയില്‍ ഒരുക്കിയിട്ടുള്ളത്. മുന്‍ മോഡലില്‍ ഇത് അലുമിനിയം അലോയി ആയിരുന്നു.

എക്‌സ്റ്റീരിയറിന് പുറമെ ഇന്റീരിയറിലും ചില മാറ്റങ്ങളുമായാണ് പുതിയ ബലേനൊ എത്തിയിരിക്കുന്നത്. പക്ഷെ, മെക്കാനിക്കലായി യാതൊരു മാറ്റവും പുതിയ ബലേനോയില്‍ വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Content Highlights: 2019 Maruti Baleno vs. 2016 Maruti Baleno