ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട അടുത്തിടെ ഇന്ത്യയിലെത്തിച്ച എസ്‌യു-വിയായ സിആര്‍-വി വീണ്ടും കരുത്ത് തെളിയിക്കുന്നു. യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് സിആര്‍-വി സുരക്ഷ ഉറപ്പാക്കിയത്. 

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 93 ശതമാനവും കുട്ടികളുടേതില്‍ 83 ശതമാനവും മാര്‍ക്ക് നേടിയാണ് ഈ എസ്‌യുവി ഇത്തവണ ഫൈവ് സ്റ്റാര്‍ സുരക്ഷ കരസ്ഥമാക്കിയത്. വിവിധ ടെസ്റ്റുകളില്‍ നിന്നായി 100-ല്‍ 76 പോയന്റാണ് സിആര്‍-വി നേടിയിട്ടുള്ളത്. 

മുമ്പ് ആസിയാന്‍ (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്-ഈസ്റ്റ് ഏഷ്യ) ക്രാഷ് ടെസ്റ്റിലും അമേരിക്കന്‍ ക്രാഷ് ടെസ്റ്റ് യൂണിറ്റായ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി (IIHS) നടത്തിയ ക്രാഷ് ടെസ്റ്റിലും സിആര്‍-വി ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരുന്നു. 

സിവികിന്റെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരിക്കുന്ന ഈ അഞ്ചാം തലമുറ സിആര്‍-വിക്ക്  പഴയ മോഡലിനേക്കാള്‍ 30 മില്ലിമീറ്റര്‍ നീളവും 35 മില്ലിമീറ്റര്‍ വീതിയും ഉയരവും കൂടുതല്‍ നല്‍കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനായി വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് വിത്ത് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: 2019 Honda CR-V Gets 5 Star Rating In Euro NCAP Crash Test