ഫോര്‍ഡിന്റെ സെഡാന്‍ മോഡലായ ആസ്പയറും എസ്‌യുവിയായ എന്‍ഡേവറും മുഖം മിനുക്കിയതിന് പിന്നാലെ കൂട്ടത്തിലെ കുഞ്ഞനായ ഫിഗോയും മുഖം മിനുക്കിയെത്തുന്നു. പുറം മോടിക്കൊപ്പം കരുത്തിലും മാറ്റം വരുത്തിയെത്തുന്ന പുതിയ ഫിഗോ ഈ മാസം നിരത്തിലെത്തും.

അടുത്തിടെ മുഖം മിനുക്കിയെത്തിയ ആസ്പയറിനോട് സമാനമായ ഹണി കോമ്പ് ഗ്രില്ലും വലിയ ബമ്പറും പുതിയ അലോയി വീലുകളുമാണ് പുതിയ ഫിഗോയിലും നല്‍കിയിട്ടുള്ളത്. ബമ്പറിന് വശങ്ങളിലായി ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ളത് മുന്‍വശത്തിന്റെ അഴക് ഉയര്‍ത്തുന്നുണ്ട്. 

ഡാഷ് ബോര്‍ഡില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഫ്‌ളോട്ടിംങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതിനൊപ്പം ടൂ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിംങ് വീല്‍ എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.

അടിസ്ഥാന മോഡല്‍ മുതല്‍ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിംങ് എന്നിവയും ഉയര്‍ന്ന വേരിയന്റില്‍ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

96 ബിഎച്ച്പി കരുത്തും 120 എന്‍.എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 110 ബിഎച്ച്പി കരുത്തും കരുത്തും 215 എന്‍.എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഫിഗോ ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. ഒരു ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റും ഇത്തവണ പ്രതീക്ഷിക്കാം. 

മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10, എന്നിവയുടെ വിപണിയിലേക്കാണ് ഇന്ത്യന്‍ വിപണിയിലെ ഫോര്‍ഡിന്റെ ഏറ്റവും വിജയകരമായ മോഡലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിഗോയുടെ പുതിയ മോഡല്‍ എത്തുന്നത്.

Content Highlights: 2019 Ford Figo India Launch in March